ചണ്ഡീഗഢ്: കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. മോഗയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സോനു തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അടുത്ത കൊല്ലം ആദ്യമാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം ഏത് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മാളവിക മത്സരിക്കുന്നത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. ഈയടുത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍പ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായും സോനു കൂടിക്കാഴ്ച നടത്തിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ദേശ് കാ മെന്റേഴ്‌സ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറായി സോനുവിനെ കേജ്രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഈ കൂടിക്കാഴ്ച പല ഊഹാപോഹങ്ങള്‍ക്കാണ് അന്ന് വഴിവെച്ചത്. സോനു രാഷ്ട്രീയപ്രവേശം നടത്താനൊരുങ്ങുകയാണെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നായിരുന്നു സോനു മാധ്യമങ്ങളോടു പ്രതികരിച്ചത്.