ബംഗളൂരുവില്‍ നടന്‍ സോനു സൂദിന്റെ സംഘം രക്ഷിച്ചത് 22 ജീവന്‍

ബംഗളൂരു: ജനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന സഹായം നല്‍കുവാനായി എന്നും മുമ്പിലുണ്ടാകുന്ന വ്യക്തിയാണ് സോനു സൂദ്. ഇപ്പോഴിതാ ബംഗഌരുവിലെ കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിച്ച് 22 പേരുടെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദും സംഘവും. രാപകലില്ലാതെ ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കുന്ന ഇദ്ദേഹത്തിന്റെ സംഘം തിങ്കളാഴ്ച അര്‍ധരാത്രി ബംഗളൂരുവിലെ എആര്‍എകെ ആശുപത്രിയില്‍ എത്തിച്ചുകൊടുത്തത് 15 സിലിണ്ടര്‍ ഓക്‌സിജന്‍. ഈ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ചത് 22 പേരുടെ ജീവനാണ്.

എആര്‍എകെ ആശുപത്രിയിലെ ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച് യെലഹങ്ക ഓള്‍ഡ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ എംആര്‍ സത്യനാരായണന്‍, സോനു സൂദ് ചാരിറ്റി ഫൗണ്ടേഷന്‍ അംഗം ഹഷ്മത് റാണയെ വിളിക്കുന്നത് അര്‍ധരാത്രിയാണ്. അപ്പോഴേക്കും ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രണ്ടു പേരുടെ ജീവന്‍ നഷ്ടമായിരുന്നു. അര്‍ധരാത്രി ഉണര്‍ന്നു പ്രവര്‍ത്തിച്ച സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ 15 ഓക്‌സിജന്‍ സിലിണ്ടറുകളാണ് എത്തിച്ചത്.

സംഘത്തിന്റെ പ്രവൃത്തിയെ സോനു സൂദ് പ്രശംസിച്ചു. ‘എല്ലാവരോടും ഞാന്‍ നന്ദിയറിയിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളാണ് മുമ്പോട്ടുള്ള ഊര്‍ജം. ഹഷ്മതിനെ കുറിച്ച് അഭിമാനിക്കുന്നു. സംഭവത്തെ കുറിച്ച് രാത്രി മുഴുവന്‍ അദ്ദേഹം വിവരം നല്‍കിക്കൊണ്ടിരുന്നു’ സോനു സൂദ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ സത്യനാരായണന്റെ പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.

Top