തൃശ്ശൂര്‍: രാഷ്ട്രീയ പാര്‍ട്ടികളെ പേരെടുത്ത് പറയാതെ കൊലപാതക രാഷ്ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. ‘അണികളുടെ വീട്ടില്‍ മാത്രമാണ് മക്കള്‍ നഷ്ടപ്പെട്ട അമ്മമാരും വിധവകളും ഉള്ളത്. നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരോ വിധവകളോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു പുസ്തകപ്രകാശനച്ചടങ്ങിലാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
കൊലപാതക രാഷ്ട്രീയം ജനത്തിന് മടുത്തു. പണവും അധികാരവും നേടാനുള്ള നേതാക്കന്മാരുടെ അടവാണ് രക്തസാക്ഷിത്വമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
പിന്നാക്ക ജില്ലയായ കണ്ണൂരിലാണ് ഞാന്‍ ജനിച്ചത്. വലിയ ഫാക്ടറികളോ വ്യവസായശാലകളോ അവിടെയില്ല. അതുകൊണ്ട് ഞങ്ങളൊരു കുടില്‍വ്യവസായം തുടങ്ങി ബോംബ് നിര്‍മാണം. പകല്‍ ഞങ്ങളിങ്ങനെ ബോംബുണ്ടാക്കും, രാത്രി പൊട്ടിക്കും. എതിര്‍ പാര്‍ട്ടിക്കാരും ഉണ്ടാക്കും, തിരിച്ചു പൊട്ടിക്കും. മൂന്ന് പ്രധാനപ്പെട്ട പാര്‍ട്ടികളാണ് ഈ ബോംബുനിര്‍മാതാക്കള്‍. എന്തായാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടുമായി ഒരു കാര്യം ഞാന്‍ വ്യക്തമായി പറയുന്നു, രക്തസാക്ഷികളെ ഉണ്ടാക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനം മലയാളികള്‍ക്ക് മടുത്തിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്തസാക്ഷികളുടെ ഫ്‌ളക്‌സ് വച്ച് ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നേതാക്കന്മാരുടെ വിശ്വാസം. പക്ഷേ, ഈ ഫ്‌ളക്‌സുകളിലൊക്കെ കാണുന്നത് അണികളുടെ ചിത്രം മാത്രമാണ്. നേതാക്കള്‍ കൊലയ്ക്കു കൊടുക്കുന്ന അണികളുടെ ചിത്രം.
സ്വമേധയാ മരിക്കാന്‍ പോകുന്നവരല്ല ഇവര്‍. നിവൃത്തികേടുകൊണ്ടും നേതാക്കന്മാരുടെ മസ്തിഷ്‌ക പ്രക്ഷാളനം കൊണ്ടുമാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കന്മാര്‍ പരസ്പരം അകമഴിഞ്ഞ സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെ അവര്‍ സൗഹൃദം പുതുക്കും, വ്യക്തിപരമായ വിശേഷ അവസരങ്ങളിലെല്ലാം അവര്‍ പരസ്പരം ക്ഷണിക്കും. അണികള്‍ക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയെങ്കിലും അണികളൊന്നു മനസ്സിലാക്കണം, നഷ്ടപ്പെടുന്നത് നിങ്ങള്‍ക്കു മാത്രമാണ്. കക്കല്‍ മാത്രമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുലക്ഷ്യം. ഇന്ത്യയെന്ന രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കട്ടുമുടിച്ചു. അംബാനിമാരുടെയും അദാനിമാരുടെയും ഇന്ത്യയാണിപ്പോഴുള്ളതെന്നും ശ്രീനിവാസന്‍ പറഞ്ഞു.