‘ഇംഗ്ലിഷ് വിംഗ്ലിഷി’ന് പത്താം വാര്‍ഷികം, ശ്രീദേവിയുടെ സാരികള്‍ ലേലം ചെയ്യുന്നു

ശ്രീദേവി പ്രധാന കഥാപാത്രമായി 2012ൽ റിലീസ് ചെയ്‍ത ചിത്രമാണ് ‘ഇംഗ്ലിഷ് വിംഗ്ലിഷ്’. ഗൗരി ഷിൻഡെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഒരു കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിയത്. ചിത്രത്തിന്റെ പത്താം വാർഷികം ആഘോഷിക്കുമ്പോൾ ശ്രീദേവിയുടെ സാരിയും ലേലം ചെയ്യാൻ ഒരുങ്ങുകയാണ് ഗൗരി ഷിൻഡെ.

‘ഇംഗ്ലിഷ് വിംഗ്ലിഷ്’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശ്രീദേവി ധരിച്ചിരുന്ന സാരിയാണ് ലേലം ചെയ്യുക. ശ്രീദേവി ധരിച്ചിരുന്ന സാരികൾ താൻ സൂക്ഷിച്ചു വെച്ചിരുന്നതായി ഗൗരി ഷിൻഡെ പറയുന്നു. സാരി ലേലം ചെയ്യുന്നതിൽ നിന്നുള്ള പണം പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി പ്രവർത്തിക്കുന്നു എൻജിഒയ്‍ക്കാണ് നൽകുക. ചിത്രത്തിന്റെ പത്താം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് അന്ധേരിയിൽ പ്രത്യേക പ്രദർശനം നടത്താനും തീരുമാനിച്ചിട്ടുണ്ട് എന്ന് ഗൗരി ഷിൻഡെ പറഞ്ഞു.

പതിനഞ്ചു വർഷത്തിനു ശേഷം ശ്രീദേവി അഭിനയരംഗത്തേയ്‍ക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ‘ഇംഗ്ലിഷ് വിംഗ്ലിഷ്’. ഗൗരി ഷിൻഡെ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. ആദിൽ ഹുസൈനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹിന്ദി പതിപ്പിൽ അമിതാഭ് ബച്ചനും തമിഴ് ചിത്രത്തിൽ അജിത്തും അതിഥി താരമായും അഭിനയിച്ചു.

ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറിയ ശ്രീദേവി പിന്നീട് ഒരു കാലഘട്ടത്തിൽ ഇന്ത്യൻ സിനിമയുടെ നായികയായി നിറഞ്ഞാടിയിരുന്നു. അക്കാലത്തെ ഹിറ്റുകളിൽ മിക്കതും ശ്രീദേവി തന്റെ പേരിലാക്കി. നായകനൊപ്പമോ അതിലേറെയോ പ്രാധാന്യമുള്ള കഥാപാത്രങ്ങളാൽ അക്കാലത്തുപോലും വിസ്‍മയിപ്പിക്കാൻ ശ്രീദേവിക്കായി എന്നത് അവരുടെ പ്രതിഭയ്‍ക്ക് സാക്ഷ്യം. ഭാഷാഭേദമില്ലാതെ അഭിനയിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് രാജ്യമൊട്ടാകെ ലഭിച്ചത്. ഹിന്ദിയിലും തമിഴിലുമൊക്കെ ശ്രീദേവി ഹിറ്റുകൾ നിരന്തരം സ്വന്തമാക്കി. പഴയകാലത്തെയും ഇന്നത്തെയും ഒട്ടുമിക്ക സൂപ്പർ സ്റ്റാറുകളുടെയുമൊപ്പം തലപൊക്കമുള്ള താരമായിരുന്നു ശ്രീദേവി. രാജ്യം പത്മശ്രീ നൽകി ആദരിച്ച നടിയാണ് ശ്രീദേവി. ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിൽ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത് ടബ്ബിൽ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പോലീസ് സ്ഥിരീകരിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണമെന്നത് ദുബായ് പൊലീസിൽ വ്യക്തമാക്കി. എങ്കിലും ശരിയായ മരണകാരണം ഇനിയും പുറത്തുവന്നിട്ടില്ല എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Top