ജയ് ഭീം ചിത്രത്തിനെതിരായ വണ്ണിയാര്‍ സമുദായത്തിന്റെ ഭീഷണികളെ തുടര്‍ന്ന് സൂര്യയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സൂര്യയുടെ ചെന്നൈയിലെ വീടിനാണ് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. താരത്തിനെതിരെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു. വണ്ണിയാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാര്‍ സംഘം നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
സിനിമ വണ്ണിയാര്‍ സമുദായത്തിന്റെ യശ്ശസിന് മങ്ങലേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു. നവംബര്‍ 14ന് ഒരു സംഘം പട്ടാളി മക്കല്‍ കക്ഷി(പി.എം.കെ) പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലെ തിയറ്ററിലേക്ക് ഇരച്ചുകയറി സുര്യ സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സൂര്യയെ ആക്രമിക്കുന്നവര്‍ക്ക് പി.എം.കെ മയിലാടുദുരൈ ജില്ലാ സെക്രട്ടറി പന്നീര്‍ശെല്‍വം ഒരു ലക്ഷം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.
അതെ സമയം സുര്യയ്കക്കും ജയ് ഭീം അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണത്തില്‍ പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തുവന്നു. ‘ഞങ്ങള്‍ കമല്‍ഹാസനൊപ്പം നിന്നു. വിജയ്‌ക്കൊപ്പം നിന്നു. ഞങ്ങള്‍ സൂര്യയ്‌ക്കൊപ്പം നില്‍ക്കുന്നു. അഭിപ്രായവ്യത്യാസത്തിന്റെയോ വ്യക്തിവൈരാഗ്യത്തിന്റെയോ പേരില്‍ ഒരു കലാകാരനെ ഭീഷണിപ്പെടുത്തുന്നതോ കലാസൃഷ്ടിയുടെ പ്രദര്‍ശനത്തെയോ ഭീഷണിപ്പെടുത്തുന്നത് ഭീരുത്വമാണെന്ന് വിശ്വസിക്കുന്ന ആരെയും ‘ഞങ്ങള്‍’ പ്രതിനിധീകരിക്കുന്നു.’ ജയ്ഭീമിന്റെ നിര്‍മ്മാതാക്കള്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്’- നടന്‍ സിദ്ധാര്‍ത്ഥ് പ്രതികരിച്ചു.