ബോക്സ് ഓഫീസ് കിംഗ് ലാൽ തന്നെ, ടൊവിനോയുടെ മാർക്കറ്റ് ഇടിഞ്ഞു . . .

രു കൂവല്‍ ഉയര്‍ത്തിയ വിവാദം ടൊവിനോ എന്ന നടന്റെ കരിയറില്‍ തന്നെയാണിപ്പോള്‍ വില്ലനായി മാറിയിരിക്കുന്നത്. അനവധി പേരാണ് വെള്ളിത്തിരയിലെ നായകന്റെ ഈ വില്ലത്തരത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഇത് അദ്ദേഹത്തിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കള്‍. അടുത്ത കാലത്തൊന്നും ഒരു സിനിമാ താരവും നേരിടാത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ ഇപ്പോള്‍ നേരിടുന്നത്.

കോളജുകളില്‍ നടക്കുന്ന പരിപാടികളില്‍ കൂവലും കയ്യടിയും എല്ലാം പതിവ് കലാ പരിപാടികളാണ്. ഇത് ഉള്‍ക്കൊള്ളാന്‍ ടൊവിനോക്ക് കഴിയാത്തതാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടുന്നത്.

കൂവിയ വിദ്യാര്‍ത്ഥിയെ വേദിയില്‍ വിളിച്ചു വരുത്തി അപമാനിച്ച ടൊവിനോയുടെ നടപടിയില്‍ ജില്ലാ ഭരണകൂടത്തിനും കടുത്ത അതൃപ്തിയാണുള്ളത്.

കളക്ടറും സബ് കളക്ടറും ഇരിക്കുന്ന വേദിയില്‍ ടൊവിനോ ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നാണ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

‘കരുത്തുറ്റ ജനാധിപത്യത്തിന് തിരഞ്ഞെടുപ്പ് സാക്ഷരത’ എന്ന പരിപാടിക്കിടെയായിരുന്നു സംഭവം.

ടൊവിനോ സംസാരിച്ചു കൊണ്ടിരിക്കെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജില്‍ വിളിച്ചു വരുത്തിയാണ് താരം കൂവിച്ചത്. അതും നാല് തവണ.ആദ്യം വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ ടൊവിനോ നിര്‍ബന്ധിച്ച് കൂവിക്കുകയായിരുന്നു.

യഥാര്‍ത്ഥത്തില്‍ ‘കരുത്തുറ്റ ജനാധിപത്യത്തെ കുറിച്ച് കളക്ടര്‍ ടൊവിനോയെയാണ് ആദ്യം പഠിപ്പിക്കേണ്ടിയിരുന്നത്.

കൂവിയ വിദ്യാര്‍ത്ഥി ഒരു കെ.എസ്.യുക്കാരന്‍ ആയത് കൊണ്ട് മാത്രമാണ് ടൊവിനോ രക്ഷപ്പെട്ടതെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

മറ്റേതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയില്‍പ്പെട്ട വിദ്യാര്‍ത്ഥിയായിരുന്നെങ്കില്‍ വിവരമറിയുമായിരുന്നു എന്നാണ് രൂക്ഷമായ പ്രതികരണം.

അപക്വമായി പെരുമാറുന്ന ടൊവിനോയുടെ താരപദവിയെ തന്നെ ഉലക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

നിലവില്‍ ഒരു കോടി രൂപയാണ് സിനിമയില്‍ പ്രതിഫലമായി ടൊവിനോ വാങ്ങുന്നത്.

2012 ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. ഇതു വരെ 37 ഓളം സിനിമകളില്‍ ടൊവിനോ അഭിനയിച്ചിട്ടുണ്ട്. നായകനായി അരങ്ങേറിയത് 2016ല്‍ പുറത്തിറങ്ങിയ ഗപ്പിയിലൂടെയായിരുന്നു. ഗപ്പിക്കു പുറമെ 2017ല്‍ പുറത്തിറങ്ങിയ ഒരു മെക്സിക്കന്‍ അപാരത, ഗോദ, മായാ നദി, തീവണ്ടി എന്നിവ മാത്രമാണ് ടൊവിനോയുടെ വിജയചിത്രങ്ങളുടെ ലിസ്റ്റിലുള്ളത്. ഇതില്‍ തീവണ്ടിയ്ക്ക് ലഭിച്ചിരിക്കുന്ന ഷെയര്‍ അഞ്ച് കോടിയാണ്.

ലൂക്ക, കല്‍ക്കി എന്നിവ നിര്‍മാതാവിന് നഷ്ടം വരാതെ മാത്രം പിടിച്ചു നിന്ന സിനിമകളാണ്.കല്‍ക്കിക്ക് തിയറ്റര്‍ ഷെയറായി വന്നത് 3 കോടിയാണ്. ടൊവിനോയുടെ മറ്റൊരു സിനിമയും 2 കോടി ഷെയര്‍ പോലും കളക്ട് ചെയ്തിട്ടില്ലെന്നതും ഓര്‍ക്കണം. അതേ സമയം ഷെയിന്‍ നിഗം നായകനായ ഇഷ്‌ക്കിന് 2 കോടിയും സൗബിന്‍ നായകനായ ‘അമ്പിളി’ക്ക് 3 കോടിയും ഷെയര്‍ ലഭിച്ചിട്ടുണ്ട്.എന്തിനേറെ സുരാജ് വെഞ്ഞാറമൂട് നായകനായ ‘ആന്‍ഡ്രോയഡ് കുഞ്ഞപ്പനും നേടി 4 കോടി ഷെയര്‍.

ടൊവിനോ നായകനായ ‘ഗപ്പി’യില്‍ ഒന്നരക്കോടിയാണ് നിര്‍മ്മാതാവിന് നഷ്ടം. ഇതിന്റെ സംവിധായകന്‍, സൗബിനെ നായകനാക്കി ‘അമ്പിളി’ ചെയ്താണ് നിര്‍മ്മാതാവിന് നഷ്ടം നികത്തി കൊടുത്തിരുന്നത്.

നായക വേഷത്തിലല്ല ക്യാരക്ടര്‍ വേഷത്തിലാണ് യഥാര്‍ത്ഥത്തില്‍ ടൊവിനോ ശോഭിച്ചിരിക്കുന്നത്. വൈറസ്, ഉയരെ, ലൂസിഫര്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ടൊവിനോയുടെ പണം വാരിയ ‘ഗോദ’പോലും ഒരു നായിക പ്രാധാന്യമുള്ള സിനിമയായിരുന്നു. ആഷിഖ് അബു എന്ന സംവിധായകന്റെ സിനിമയായി മാത്രമേ ‘വൈറസി’നെയും വിലയിരുത്താന്‍ കഴിയൂ. അതില്‍ ടൊവിനോക്ക് പുറമെ ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഉയരെയിലാവട്ടെ പാര്‍വതിയുടെ അസാമാന്യ പ്രകടനമാണ് പ്രസക്തമാകുന്നത്.ഈ രണ്ട് സിനിമകളിലും ഉപനായകന്റെ റോള്‍ മാത്രമേ ടൊവിനോക്കൊള്ളൂ.

അഭിനയിച്ച സിനിമയില്‍ ബഹുഭൂരിപക്ഷവും പരാജയമാണെങ്കിലും പ്രതിഫലം ടൊവിനോ കുറച്ചിട്ടില്ല,കൂട്ടിയിട്ടേയൊള്ളു.

ഒരു കോടി മുതല്‍ ഒന്നേകാല്‍ കോടി വരെ ശമ്പളം അദ്ദേഹം വാങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

75 ലക്ഷം മാത്രം വാങ്ങുന്ന ആസിഫ് അലിയുടെ രണ്ട് സിനിമകള്‍ തിയറ്റര്‍ ഷെയര്‍ മാത്രം 7 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നിവയാണ് ഈ വിജയ ചിത്രങ്ങള്‍. ടൊവിനോയെ പോലെ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന ഒരു തരത്തിനാണ് ഈ നേട്ടമെന്നതും നാം ഓര്‍ക്കണം.

സാറ്റ് ലൈറ്റ് റൈറ്റുള്ള താരങ്ങളുടെ പട്ടികയില്‍ ടൊവിനോയെ പിന്തള്ളിയാണ് ആസിഫ് അലി എത്തിയിരിക്കുന്നത്. എന്നിട്ട് പോലും അദ്ദേഹം പ്രതിഫലം വര്‍ദ്ധിപ്പിച്ചിട്ടില്ല.

മോഹന്‍ലാല്‍, മമ്മുട്ടി, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരാണ് സാറ്റ് ലൈറ്റ് റൈറ്റുള്ള മറ്റു താരങ്ങള്‍. സാറ്റ് ലൈറ്റില്‍ മാത്രമല്ല, പ്രതിഫല കാര്യത്തിലും ഒന്നാം സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെയാണുള്ളത്.

ഒരു സിനിമക്ക് 10 കോടി മുതല്‍ 12 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങുന്നതെന്നാണ് സൂചന.മമ്മുട്ടിക്കും ദിലീപിനും 4 മുതല്‍ 5 കോടി വരെയാണ് പ്രതിഫലം. നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും 3 കോടി വീതമാണ് വാങ്ങുന്നത്.

പൃഥ്വിരാജ് 2-മുതല്‍ രണ്ടര കോടി വരെയാണ് ശബളം വാങ്ങുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു കോടി വീതമാണ് പ്രതിഫലം പറ്റുന്നത്.ഈ നിരയില്‍ ഒരു കോടിക്ക് പുറത്താണ് ടൊവിനോയുടെ ഇപ്പോഴത്തെ പ്രതിഫലം. ഏറ്റവും കുറച്ച് ശബളം വാങ്ങുന്ന നായകനാകട്ടെ ആസിഫ് അലിയുമാണ്.

ആസിഫ് അലിയെ കണ്ടു പഠിക്കണം ടൊവിനോ എന്നാണ് നിര്‍മ്മാതാക്കളിപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.

സിനിമയില്‍ അടിത്തറ ശക്തമാകുന്നതിന് മുന്‍പ് തന്നെ വിവാദ നായകനാകുന്നത് തിരിച്ചടിക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

ടൊവിനോക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേയാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍പ് വിവാദ നായകനായ ‘സംഭവങ്ങ’ളും ഇപ്പോള്‍ പൊടിതട്ടി പുറത്തുവന്നിട്ടുണ്ട്.

മനുഷ്യാവകാശ ലംഘനത്തിന് താരത്തിനെതിരെ കേസെടുക്കാനുള്ള വകുപ്പുണ്ടെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. വിദ്യാര്‍ത്ഥി പരാതി നല്‍കിയാല്‍, കേസ് നടത്താന്‍ ചുരം കയറി ടൊവിനോക്ക് ഇനി വയനാട്ടിലേയ്ക്ക് പോകേണ്ടി വരും. കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷികളാവേണ്ടിയും വരും.ഈ സാഹചര്യം ഒഴിവാക്കാന്‍ അണിയറയില്‍ ഒത്തു തീര്‍പ്പുകളും നിലവില്‍ സജീവമാണ്.

Express Kerala View

Top