തമിഴ്നാട്ടിലെ പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയത് നടന്‍ വിജയ്‌യുടെ ഫാന്‍സ് അസോസിയേഷന്‍. വിജയ് പോലും സഹായിക്കാത്ത തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച അദ്ദേഹത്തിന്റെ നൂറിലധികം ആരാധകരാണ് വിജയിച്ചിരിക്കുന്നത്.
വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ദളപതി വിജയ് മക്കള്‍ ഇയക്കത്തിലെ (ടിവിഎംഐ) 169 അംഗങ്ങളില്‍ 115 പേരും മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതില്‍ വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനവും ഉള്‍പ്പെടും. വില്ലുപുരം ജില്ലയിലെ വാനുര്‍ പഞ്ചായത്തില്‍ വിജയ് ഫാന്‍സിലെ സാവിത്രിയാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
ഒക്ടോബര്‍ 6, 9 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട 115 പേരില്‍ 13 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരാണ്. നടന്‍ കമല്‍ഹാസന്റെയും നാം തമിഴര്‍ കച്ചിയുടെയും പാര്‍ട്ടികള്‍ക്ക് പോലും തകര്‍ന്നടിഞ്ഞ തിരഞ്ഞെടുപ്പിലാണ് വിജയ് ഫാന്‍സിന്റെ ഈ തകര്‍പ്പന്‍ മുന്നേറ്റം. വിജയ് ആരാധകര്‍ പ്രധാനമായും ഗ്രാമ, നഗര വ്യത്യാസമില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ആരാധകരെ പരസ്യമായി പിന്തുണച്ചില്ലങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനും പ്രചാരണ വേളയില്‍ തന്റെ ചിത്രവും ടിവിഎംഐ പതാകയും ഉപയോഗിക്കാനും നടന്‍ വിജയ് അനുവദിച്ചിരുന്നു. ഇതാണ് വമ്പന്‍ വിജയത്തിന് വിജയ് ആരാധകരെ സഹായിച്ചിരിക്കുന്നത്.
‘ഈ വിജയം ഞങ്ങളുടെ നേതാവിനാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ ഫോട്ടോകളുമായി ആളുകളിലേക്ക് പോയി, അതു കൊണ്ടാണ് അവര്‍ ഞങ്ങളുടെ നേതാവിന് വോട്ട് ചെയ്തുവെന്നാണ് ഉറച്ചു വിശ്വസിക്കുന്നത് എന്നാണ് സംഘടനാ നേതൃത്വം പ്രതികരിച്ചിരിക്കുന്നത്. ആളുകള്‍ക്ക് വിജയ്‌യോടുള്ള ആദരവ് നേരില്‍ കാണാന്‍ കഴിഞ്ഞതായും ദളപതി വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് നടന്ന ഒന്‍പത് ജില്ലകളും സന്ദര്‍ശിച്ച ആനന്ദ് ഫലങ്ങള്‍ ഒരു ‘ട്രെയിലര്‍’ മാത്രമാണെന്നാണ് തുറന്നടിച്ചിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചന തന്നെയാണ് അദ്ദേഹവും നല്‍കുന്നത്.
‘ദളപതി വിജയ് മക്കള്‍ ഇയക്കം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു, ജനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ച അംഗീകാരത്തില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്’ ആനന്ദ് പറയുന്നു.
ഒരു പാര്‍ട്ടി രൂപീകരിക്കാനുള്ള അനുയായികളുടെ പ്രലോഭനങ്ങളെ എതിര്‍ത്ത വിജയ് ഈ വമ്പന്‍ വിജയം കണ്ട് അന്തംവിട്ടിരിക്കുകയാണ്. വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും താരം വഴങ്ങിയിരുന്നില്ല. ഇതേ ചൊല്ലിയുള്ള തര്‍ക്കം വിജയ്‌യും സ്വന്തം പിതാവുമായുള്ള തര്‍ക്കത്തിലാണ് കലാശിച്ചിരുന്നത്.
ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ദളപതിയുടെ പിതാവ് ചന്ദ്രശേഖര്‍ 2021ലെ തമിഴ്‌നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ‘വിജയ് മക്കള്‍ ഇയക്കത്തെ ‘ രാഷ്ട്രീയ പാര്‍ട്ടിയാക്കി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ (ഇസിഐ) രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ തല്‍ക്കാലം താല്‍പ്പര്യമില്ലാത്തതിനാല്‍ ഈ നീക്കവുമായി മുന്നോട്ട് പോകരുതെന്ന് വിജയ് പിതാവിനോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്. മുന്‍പും രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് . വിജയ് യും ചന്ദ്രശേഖറും തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇത് ഒടുവില്‍ കോടതിയില്‍ വരെ എത്തുകയും ചെയ്തു. മകന്റെ എതിര്‍പ്പിന് മകന്റെ ഫോട്ടോ വച്ച് തന്നെ ആരാധകരെ വിജയിപ്പിച്ചാണിപ്പോള്‍ ചന്ദ്രശേഖര്‍ മറുപടി കൊടുത്തിരിക്കുന്നത്. ഇതോടെ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിലും വിജയ് ഫാന്‍സ് മത്സരിക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. വിജയ് തന്നെ മുന്‍കൈ എടുത്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരു പോലെ പ്രഹരമായിരിക്കും. തമിഴ്‌നാട്ടില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള സൂപ്പര്‍ താരമാണ് ദളപതി വിജയ്.