നിയമസഭാ തിരഞ്ഞെടുപ്പില്‍ താര ‘പരീക്ഷണത്തിനും’കളമൊരുങ്ങുന്നു

രുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങള്‍ക്കും ഇനി ഡിമാന്റ് ഏറും. പത്തനാപുരത്ത് നിന്നും കെ.ബി ഗണേഷ് കുമാര്‍ ഇത്തവണയും ഇടതുപക്ഷ പിന്തുണയോടെ മത്സരിക്കും. നടന്‍ മുകേഷ് വീണ്ടും കൊല്ലത്ത് നിന്നും മത്സരിക്കണമോ എന്ന കാര്യത്തില്‍ സി.പി.എം കൊല്ലം ജില്ലാ കമ്മറ്റിയാണ് തീരുമാനമെടുക്കുക. മത്സര രംഗത്ത് ഇല്ലെങ്കില്‍ പോലും പ്രചരണ രംഗത്ത് മുകേഷിന്റെ സാന്നിധ്യമുണ്ടാകും. കഴിഞ്ഞ തവണ പത്തനാപുരത്ത് കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച നടന്‍ ജഗദീഷ് വീണ്ടും മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. പ്രമുഖ താരങ്ങളായ സലീംകുമാര്‍, സിദ്ധിഖ് എന്നിവരെയും കോണ്‍ഗ്രസ്സ് കളത്തിലിറക്കും.

കോണ്‍ഗ്രസ്സ് അനുഭാവമുള്ള ഈ താരങ്ങളെ സി.പി.എം ‘കോട്ടകളില്‍’ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയിലുള്ളത്. മത്സരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പ്രചരണത്തില്‍ സഹകരിക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ്സ് ഇവര്‍ക്കു മുന്നില്‍ വയ്ക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നവരില്‍ യുവനടി അനുശ്രീയാണ് മുന്നില്‍. സംഘ പരിവാറുമായി ഏറെ അടുപ്പമുള്ള താരമാണ് അനുശ്രീ. മഞ്ജു വാര്യരാണ് മൂന്ന് പാര്‍ട്ടികളും ആഗ്രഹിക്കുന്ന മറ്റൊരു താരം. ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന അവരുടെ അംഗീകാരമാണ് ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്നത്. കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സില്‍ വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നത് മഞ്ജു വാര്യരാണ്.

മുന്‍ യു.ഡി.എഫ് – എല്‍.ഡി.എഫ് സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളിലും മഞ്ജു വാര്യര്‍ ഏറെ സഹകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മഞ്ജുവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ മുന്നണികള്‍ ആഗ്രഹിക്കുന്നത്. താരങ്ങളെ സ്വാധീനിക്കാന്‍ അവരുമായി അടുപ്പമുള്ളവര്‍ വഴിയാണ് പ്രധാനമായും നീക്കങ്ങള്‍ നടക്കുന്നത്. മമ്മുട്ടിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെങ്കിലും അദ്ദേഹം മത്സരിക്കാനുള്ള താല്‍പര്യം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. മമ്മുട്ടി സമ്മതം മൂളിയാല്‍ സി.പി.എമ്മിനെ സംബന്ധിച്ച് തീരുമാനവും പെട്ടന്നുണ്ടാകും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ നടന്‍ ഇന്നസെന്റിനു വേണ്ടി പരസ്യമായി തന്നെ മമ്മുട്ടി പ്രചരണത്തിനിറങ്ങിയിരുന്നു. ഇത്തവണയും ഇടതു ഭാഗത്ത് താരങ്ങള്‍ ഉണ്ടായാല്‍ പ്രചരണത്തിന് മമ്മുട്ടി ഇറങ്ങാനുള്ള സാധ്യതയും കുടുതലാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ശണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചരണ യോഗത്തില്‍ സംസാരിച്ചത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ജഗദീഷ് തന്നെയാണ് വൈകാരികമായി ഇതിനെതിരെ പ്രതികരിച്ചിരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ താര പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെ പ്രചരണത്തില്‍ നിന്നും പ്രമുഖ താരങ്ങള്‍ വിട്ടു നില്‍ക്കണമെന്ന നിര്‍ദ്ദേശം സിനിമാ സംഘടനകള്‍ തന്നെ നിലവില്‍ നല്‍കിയിട്ടുണ്ട്. മമ്മുട്ടിയെ സി.പി.എം ആഗ്രഹിക്കുന്നത് പോലെ തന്നെയാണ് മോഹന്‍ലാലിനെ ബി.ജെ.പിയും ആഗ്രഹിക്കുന്നത്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നത് ദേശീയ മാധ്യമങ്ങളായിരുന്നു. ഇത്തരമൊരു ആലോചനയുള്ളതായി ഒ.രാജഗോപാല്‍ എം.എല്‍.എയും വ്യക്തമാക്കുകയുണ്ടായി.

എന്നാല്‍ പിന്നീട് ലാല്‍ തന്നെ പിന്‍മാറുകയാണുണ്ടായത്. സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ലാലിലുള്ള പ്രതീക്ഷ ഇപ്പോഴും ബി.ജെ.പി നേതൃത്വം കൈവിട്ടിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ മത്സരിച്ചാല്‍ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വമുള്ളത്. ലാലിനെ പ്രേരിപ്പിക്കാന്‍ ദേശീയ നേതൃത്വത്തെ തന്നെ ഇടപെടുവിക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്.

അതേസമയം നടന്‍ സുരേഷ് ഗോപി ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുമെന്ന കാര്യം ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വൈകി ‘ലാന്‍ഡ്’ ചെയ്തിട്ടും ശക്തമായ മത്സരമാണ് സുരേഷ് ഗോപി കാഴ്ചവച്ചിരുന്നത്. സിനിമയിലേതു പോലെ തന്നെ നാടകീയമായിരുന്നു സുരേഷ് ഗോപിയുടെ തൃശൂരിലേക്കുള്ള പ്രവേശനവും. വെറും 17 ദിവസങ്ങള്‍ മാത്രമാണ് താരം പ്രചാരണ രംഗത്തുണ്ടായിരുന്നത്. നന്നായി ആസൂത്രണം ചെയ്ത് സ്ഥാനാര്‍ത്ഥിത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കില്‍ തൃശൂരിലെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നാണ് കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നത്.

ഏകദേശം രണ്ട് ലക്ഷം വോട്ടുകളുടെ വര്‍ധനവാണ് സുരേഷ് ഗോപി സ്ഥാനാത്ഥിയായതിലൂടെ ബിജെപിക്ക് തൃശൂരില്‍ അധികം ലഭിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചതെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യുവുമായുള്ള വോട്ടുവ്യത്യാസം വെറും 20,000 മാത്രമാണ്. 2014ല്‍ കെപി ശ്രീശനായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് മൂന്നാം സ്ഥാനത്തായ ശ്രീശന്‍ 1,02681 വോട്ടുകള്‍ മാത്രമാണ് നേടിയിരുന്നത്.

നാട്ടിക, മണലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലായിരുന്നു ബിജെപി കൂടുതല്‍ വോട്ട് നേടിയിരുന്നത്. തൃശൂരില്‍ 12,166 വോട്ട് മാത്രമാണ് അന്ന് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറയുകയാണുണ്ടായത്. 2,93,822 വോട്ടുകളാണ് തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നും സുരേഷ് ഗോപി നേടിയിരിക്കുന്നത്. അതായത് 1,91,141 വോട്ടുകളുടെ വര്‍ധനവാണിത്.

താരമൂല്യവും നാടകീയ പ്രസ്താവനകളുമായി കളം നിറഞ്ഞതുമാണ് സുരേഷ് ഗോപിക്ക് നേട്ടമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത് സുരേഷ് ഗോപിയെ സംബന്ധിച്ച് വലിയ റിസ്‌ക്കുള്ള കാര്യമാകില്ലെന്നതാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.

Top