കൊച്ചി : ഇപ്പോഴത്തെ വിവാദങ്ങളില്‍ താരങ്ങളില്‍ ബഹുഭൂരിപക്ഷവും ദിലീപിനൊപ്പം, വിമന്‍ ഇന്‍ സിനിമാ കലക്ടീവ് സംഘടനയുടെ നീക്കങ്ങള്‍ സംശയത്തോടെയാണ് പല താരങ്ങളും നോക്കി കാണുന്നതെന്നാണ് സൂചന.
മെഗാസ്റ്റാര്‍ മമ്മൂട്ടി, അമ്മ പ്രസിഡന്റും എം.പിയുമായ നടന്‍ ഇന്നസെന്റ് തുടങ്ങിയവര്‍ മാത്രമല്ല സാക്ഷാല്‍ മോഹന്‍ലാലും കുറ്റം തെളിയുന്നതിനു മുന്‍പ് ദിലീപിനെ പ്രതി ക്കൂട്ടില്‍ നിര്‍ത്തുന്നതിന് എതിരായ നിലപാടിലാണ്.
ദിലീപിന്റെ പേര് പറയാന്‍ തന്റെ അടുത്ത ആളായ ആന്റണി പെരുമ്പാവൂരും പൃഥ്വിരാജുമെല്ലാം ശ്രമിച്ചുവെന്ന പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ പേരില്‍ വന്ന വെളിപ്പെടുത്തല്‍ ലാലിനെ അസ്വസ്ഥനാക്കിയിട്ടുണ്ട്.
ബ്ലാക്ക്‌മെയിലിങ്ങിനു വേണ്ടി പറഞ്ഞ കളവായ കാര്യമായാണ് ഈ ആരോപണത്തെ മോഹന്‍ലാല്‍ കാണുന്നത്.
ഇനി യോഗത്തില്‍ ദിലീപിനെതിരെ എന്തെങ്കിലും തരത്തിലുള്ള നിലപാട് സ്വീകരിച്ചാല്‍ ആരോപണം തനിക്കെതിരെയാവുമെന്ന ഭയവും സൂപ്പര്‍ താരത്തിനുണ്ട്. അതുകൊണ്ട് തന്നെ തന്ത്രപരമായ സമീപനം സ്വീകരിച്ച് ഭൂരിപക്ഷ താരങ്ങളുടെ വികാരത്തിന് അനുസരിച്ച് നില്‍ക്കാനാണ് താല്‍പര്യം.
നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും ഉള്‍പ്പെടെ സിനിമാരംഗത്തെ ഭൂരിപക്ഷ സംഘടനകളും ദിലീപിനെ പിന്തുണക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം.
ദിലീപിനെതിരായ പ്രചരണങ്ങള്‍ക്കെതിരെ ‘അമ്മ’ ജനറല്‍ ബോഡി യോഗം നിലപാട് സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം ആക്രമിക്കപ്പെട്ട നടിയുമായി ബന്ധപ്പെട്ട് നടന്‍മാരായ സലിം കുമാര്‍, അജു വര്‍ഗ്ഗീസ് എന്നിവര്‍ നടത്തിയ പരാമര്‍ശം പാടില്ലായിരുന്നുവെന്ന വികാരവും താരങ്ങള്‍ക്കിടയിലുണ്ട്. ഈ വിഷയത്തില്‍ ഇരുവരും മാപ്പ് പറഞ്ഞതിനാല്‍ വിവാദം അവസാനിപ്പിക്കണമെന്നതാണ് അഭിപ്രായം.
നടന്‍മാര്‍ മാപ്പ് പറഞ്ഞിട്ടും വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടന വീണ്ടും വിഷയം എടുത്തിട്ട് രംഗത്തു വന്നത് മറ്റ് ചില ‘ഉദ്ദേശങ്ങള്‍’ വച്ചാണെന്ന സംശയവും താരങ്ങള്‍ക്കിടയില്‍ സജീവമാണ്.
നിലവില്‍ അമ്മയുടെ ഭാരവാഹികളില്‍ ഭൂരിപക്ഷവും മമ്മൂട്ടി , ദിലീപ് വിഭാഗത്തെ പിന്തുണക്കുന്നവരാണ്.
എക്‌സിക്യുട്ടീവ് കമ്മറ്റിയില്‍ ഉള്ള 17 പേരില്‍ പൃഥ്വിരാജ്, രമ്യ നമ്പീശന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ മാത്രമാണ് വിഷയത്തില്‍ ദിലീപിനെതിരെ നിലപാട് എടുക്കാന്‍ സാധ്യതയുള്ളവര്‍.
ട്രഷററായ ദിലീപിനു പുറമെ മറ്റു ഭാരവാഹികളായ പ്രസിഡന്റ് ഇന്നസെന്റ്, വൈസ് പ്രസിഡന്റുമാരായ കെ.ബി.ഗണേഷ് കുമാര്‍, മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, ട്രഷറര്‍ ഇടവേള ബാബു, എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ ആസിഫ് അലി, കലാഭവന്‍ ഷാജോണ്‍, മണിയന്‍ പിള്ള രാജു, മുകേഷ്, നെടുമുടി വേണു, ദേവന്‍, നിവിന്‍ പോളി, സിദ്ധിഖ് എന്നിവരും പൊലീസ് നിഗമനത്തിലെത്തുന്നതിനു മുന്‍പ് ദിലീപിനെ പ്രതിയാക്കി നടത്തുന്ന പ്രചരണത്തിനെതിരാണ്.
നടിയെ ആക്രമിച്ചവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി പിടികൂടണമെന്ന കാര്യത്തില്‍ ഈ താരങ്ങളില്‍ ആര്‍ക്കും തന്നെ മറിച്ചൊരു അഭിപ്രായവുമില്ല.
എന്നാല്‍ അതിന് വേണ്ടി ആരെയും ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് നിലപാട്.
ബുധനാഴ്ച നടക്കുന്ന എക്‌സിക്യുട്ടീവ് യോഗത്തിനു ശേഷം വ്യാഴാഴ്ച നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ മിക്കവാറും എല്ലാ താരങ്ങളും എത്തുമെന്നാണ് സൂചന. ഇവിടെ താരങ്ങള്‍ പറയുന്ന അഭിപ്രായം നിര്‍ണ്ണായകമാവും.
വ്യക്തിപരമായി ഇപ്പോള്‍ പുറത്ത് അഭിപ്രായ പ്രകടനം നടത്തിയാല്‍ പൊതു സമൂഹത്തില്‍ പ്രതിഷേധത്തിനിടയാക്കുമെന്നത് കൂടി പരിഗണിച്ചാണ് മിക്ക താരങ്ങളും പരസ്യ പ്രതികരണം നടത്താതെ ഉള്‍വലിഞ്ഞിരുന്നത്.
നാട്ടിലെ ‘മറ്റു പല കാര്യങ്ങളിലും’ സോഷ്യല്‍ മീഡിയകളിലൂടെ അഭിപ്രായം പറയുന്ന താരങ്ങള്‍ പോലും സ്വന്തം തൊഴില്‍ മേഖലയിലെ വിഷയത്തില്‍ അഭിപ്രായം പറയാത്തത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
എന്നാല്‍ ദിലീപ് ‘കുറ്റവിമുക്തനാക്കപ്പെട്ടാല്‍’പരസ്യ വിചാരണക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന സൂചനയും ചില താരങ്ങള്‍ നല്‍കുന്നുണ്ട്.
അതേസമയം അമ്മ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് ‘ചില കാര്യങ്ങള്‍’ തുറന്നടിക്കാന്‍ വനിതാ സിനിമാ സംഘടനയിലെ താരങ്ങള്‍ ആലോചിക്കുന്നതായും സൂചനകളുണ്ട്. ഏതാനും യുവതാരങ്ങളുടെ പിന്തുണയും ഈ നീക്കത്തിനു പിന്നിലുണ്ട്.
നടിയുമായി പള്‍സര്‍ സുനിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന കഴിഞ്ഞ ദിവസത്തെ ദിലീപിന്റെ പ്രതികരണവും യോഗത്തില്‍ ചൂടുള്ള ചര്‍ച്ചാ വിഷയമാകും. ഇക്കാര്യത്തില്‍ നടനും സംവിധായകനുമായ ലാലും വിശദീകരണം നല്‍കേണ്ടി വരും.
ലാല്‍ പറഞ്ഞുവെന്നാണ് ദിലീപ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ലാല്‍ ഇപ്പോള്‍ പറയുന്നത്.
ഇപ്പോഴത്തെ ആരോപണങ്ങളില്‍ തന്റെ വാദം തെളിയിക്കുന്നതിനായി എന്ത് രേഖവെച്ചാണ് ദിലീപ് യോഗത്തില്‍ സംസാരിക്കുകയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ തനിക്കെതിരെ വന്ന വാര്‍ത്ത മുതല്‍ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ദിലീപ് യോഗത്തില്‍ വിശദീകരിക്കും.
ഇതുവരെ പുറത്തുവരാത്ത കാര്യങ്ങള്‍ രേഖകള്‍ സഹിതം അവതരിപ്പിക്കാനാണ് ദിലീപിന്റെ തീരുമാനം. പല ‘വിഗ്രഹങ്ങളും’ ഇതോടെ ഉടഞ്ഞു വീഴുമെന്നാണ് നടനുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിയും, വനിതാ സിനിമാസംഘടനയിലെ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ തുടങ്ങിയ താരങ്ങളും നടന്‍ പൃഥ്വിരാജ്, പൂര്‍ണ്ണിമ എന്നിവരുമൊക്കെ എന്താണ് പറയുന്നത് എന്നതും യോഗത്തില്‍ ശ്രദ്ധേയമാകും.
ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ പൊലീസും സ്ഥലത്ത് ക്യാംപ് ചെയ്യുമെന്നാണ് സൂചന.
ചര്‍ച്ചയിലൂടെ പുറത്തു വരുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും ശ്രമം നടത്തുന്നുണ്ട്.
റിപ്പോര്‍ട്ട്: എം വിനോദ്