നടി മഞ്‍ജിമ മോഹനും നടൻ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി

തെന്നിന്ത്യയുടെ പ്രിയ താരം മഞ്‍ജിമ മോഹൻ വിവാഹിതയായി. തമിഴ് നടൻ ഗൗതം കാർത്തിക് ആണ് വരൻ. ഏറെക്കാലമായി മഞ്‍ജിമയും ഗൗതം കാർത്തിക്കും പ്രണയത്തിലായിരുന്നു. പ്രണയത്തിലാണെന്ന വിവരം ഗൗതം കാർത്തിക്കും മഞ്‍ജിമ മോഹനും തന്നെയായിരുന്നു സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്.

ഞാൻ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം കാർത്തിക് സഹായിച്ചുവെന്നായിരുന്നു പ്രണയം വെളിപ്പെടുത്തി മഞ്‍ജിമ മോഹൻ എഴുതിയിരുന്നത്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാട് മാറ്റി എന്നും മഞ്‍ജിമ മോഹൻ എഴുതിയിരുന്നു. ഗൗതം വാസുദേവ് മേനോൻ, മണിരത്നം തുടങ്ങി ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ചെന്നൈയിൽ വെച്ചായിരുന്നു ഗൗതം കാർത്തിക്കിന്റേയും മഞ്‍ജിമ മോഹന്റേയും വിവാഹം.

ബാലതാരമായി വന്ന് നായികയായി വളർന്ന നടിയാണ് മഞ്‍ജിമ മോഹൻ. ‘കളിയൂഞ്ഞാൽ’ എന്ന സിനിമയിൽ തുടക്കം. തുടർന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ ബാലതാരമായി മഞ്‍ജിമ മോഹൻ അഭിനയിച്ചു. ‘ഒരു വടക്കൻ സെൽഫി’ എന്ന സിനിമയിലൂടെ നായികയായ മഞ്‍ജിമ മോഹൻ തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. ഗണിതശാസ്‍ത്രത്തിൽ മഞ്‍ജിമ മോഹൻ ബിരുദം നേടിയിട്ടുണ്ട്. ‘എഫ്‍ഐആർ’ എന്ന ചിത്രമാണ് മഞ്‍ജിമ മോഹൻ അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം സംവിധാനം ചെയ്‍ത ‘കടലി’ലൂടെയാണ് ഗൗതം കാർത്തിക് വെള്ളിത്തിരയിൽ നായകനായി എത്തി. എ മുരുഗദോസ് നിർമിക്കുന്ന ‘ഓഗസ്റ്റ് 16,1947’ ആണ് ഗൗതം കാർത്തിക്കിന്റെ പുതിയ സിനിമ. ചിമ്പു നായകനാകുന്ന ചിത്രം ‘പത്ത് തല’യിലും ഗൗതം കാർത്തിക് പ്രധാന കഥാപാത്രങ്ങളിലൊരാളായി അഭിനയിക്കുന്നുണ്ട്.

Top