ഹിന്ദി സിനിമ-സീരിയല്‍ താരം സഞ്ജയ് ഗോസ്വാമിയുടെ വാട്സ് ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തര്‍ക്കും അശ്ലീല വീഡിയോ കോളുകള്‍ വിളിക്കുന്നുവെന്ന് നടന്‍ പൊലീസില്‍ പരാതിപ്പെട്ടു. ഫോണ്‍ ഹാക്ക് ചെയ്ത് തന്റെ കോണ്ടാക്റ്റിലുള്ള ആളുകളെയാണ് ഫോണ്‍ ചെയ്യുന്നതെന്ന് മുംബൈ ഗോരേഗാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ താരം ആരോപിക്കുന്നു.
തിങ്കളാഴ്ച ആറ് അക്ക ഒ.ടി.പി നമ്പര്‍ മൊബൈലില്‍ വന്നതിന് പിന്നാലെ ഒരു ഇന്റര്‍നാഷണല്‍ കോളും വന്നിരുന്നെന്നും പിന്നീട് നിരവധി തവണ ഒ.ടി.പി നമ്പറും ഫോണ്‍ കോളുകളും വരാന്‍ തുടങ്ങിയതോടെ ഫോണ്‍ സ്വിച്ച് ഓഫാക്കുകയായിരുന്നുവെന്ന് സഞ്ജയ് പറഞ്ഞു. ഇതുകൂടാതെ സഞ്ജയുടെ സുഹൃത്തുക്കളില്‍ ചിലര്‍ക്ക് ഇത്തരത്തില്‍ ഒടിപിയും ഫോണ്‍ കോളുകളും വന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുര്‍ന്നാണ് സഞ്ജയ് പൊലീസില്‍ പരാതി നല്‍കുന്നത്.
തന്റെ വാട്സ് ആപ്പ് നമ്പറില്‍ നിന്ന് വന്ന അശ്ലീല കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും സുഹൃത്തുകളോടും സഹപ്രവര്‍ത്തകരോടും ക്ഷമ ചോദിച്ച് സഞ്ജയ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഐ.ടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.