ഷെയ്ന്‍ നിഗം മാപ്പ് പറയാന്‍ തയ്യാര്‍; താരത്തിന്റെ ഉറപ്പ് ഉള്‍ക്കൊള്ളാനാവില്ലെന്ന് നിര്‍മാതാക്കള്‍

തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമാണെങ്കില്‍ മാപ്പ് പറഞ്ഞേക്കാം എന്നും ഷെയ്ന്‍ പറഞ്ഞു. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന അവതാരകന്റെ ചോദ്യത്തിന് എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ മാപ്പ് പറയും. പരസ്യമായിട്ട് പറയും എന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി.

അതേസമയം,വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണവും ഉല്ലാസത്തിന്റെ ഡബ്ബിംഗും പൂര്‍ത്തിയാക്കാതെ ഷെയ്ന്‍ നിഗമുമായി സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ലെന്നും വിഷയത്തില്‍ താരസംഘടനയായ അമ്മ ഉറപ്പ് നല്‍കണമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രഞ്ജിത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ന്‍ രംഗത്തെത്തിയിരുന്നു. നിര്‍മാതാക്കളെ മനോരോഗികള്‍ എന്ന വിളിച്ച പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ് ഷെയ്ന്‍ ഫെയ്‌സ് ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു.

 

Top