കൊച്ചി: ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദീലിപും കൂട്ടാളികളും ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം. ഫോണുകള്‍ ലഭിക്കാന്‍ അന്വേഷണ സംഘത്തിനു മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാം.
അതേസമയം, ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. അതിനാല്‍തന്നെ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ വിധി ഇന്നുണ്ടാകില്ല.
ഫോണുകള്‍ അന്വേഷണ സംഘത്തിനു കൈമാറുന്നതിനെ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫിലിപ്പ് ടി വര്‍ഗീസ് എതിര്‍ത്തു. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് അഭിഭാഷകന്‍ അറിയിച്ചു. ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിക്കു കൈമാറാമെന്ന ദിലീപിന്റെ അഭിഭാഷകന്റെ നിര്‍ദേശം കോടതി രേഖപ്പെടുത്തി. തുടര്‍ന്ന് ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തി ഫോണുകള്‍ മജ്സട്രേറ്റ് കോടതിക്കു കൈമാറാന്‍ ഉത്തരവിട്ടു. ഫോണ്‍ ലോക്ക് അഴിക്കുന്ന പാറ്റേണും പ്രതിഭാഗം കോടതിയെ അറിയിക്കും.
ഏറ്റവും പ്രധാനപ്പെട്ട ഫോണ്‍ കൈമാറിയിട്ടില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ദിലീപ് മുദ്രവെച്ച കവറില്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത്.
കേസില്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്. ദിലീപും കൂട്ടാളികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി ആവര്‍ത്തിച്ചു.