ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കന്ററി ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷ ഫലത്തിന്റെ ഷീറ്റില്‍ കയറി കൂടി തെന്നിന്ത്യന്‍ നടി അനുപമ പരമേശ്വരന്‍. അധികൃതരുടെ അനാസ്ഥ മൂലമാണ് ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയ്ക്ക് പകരം നടി അനുപമ പരമേശ്വരന്‍ ആ സ്ഥാനത്ത് ഇടംപിടിച്ചത്.
ഹൃഷികേശ് കുമാര്‍ എന്ന യുവാവിന്റെ പരീക്ഷാഫലത്തിലാണ് അനുപമ പരമേശ്വരന്റെ ചിത്രം തെറ്റായി വന്നത്. ഇപ്പോള്‍ ഈ പരീക്ഷാ ഫലം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലുമുള്ള അധികൃതരുടെ അനാസ്ഥയാണ് ഈ റിസല്‍ട്ടില്‍ നിന്ന് കാണാനാകുന്നത് എന്നാണ് വിഷയവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് അടക്കമുള്ളവരും പരീക്ഷ ഫലത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രതിഷേധിച്ചു.
‘നിധീഷ് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്’ എന്നാണ് വീഡിയോ പങ്കുവെച്ച് തേജസ്വി യാദവ് കുറിച്ചത്. നിരവധി ഉദ്യോഗാര്‍ഥികളും പ്രതിഷേധവുമായി വന്നിട്ടുണ്ട്. ക്രമക്കേടില്ലാതെ ഒരു സര്‍ക്കാര്‍ ജോലി പോലും ബിഹാറില്‍ നല്‍കുന്നില്ലെന്നും തേജസ്വി ആരോപിച്ചു.
എസ്ടിഇടി പേപ്പര്‍ ഒന്ന് വിജയകരമായി യോഗ്യത നേടിയവര്‍ ഒമ്പത്, പത്ത് ക്ലാസുകള്‍ പഠിപ്പിക്കാന്‍ യോഗ്യരാകും. പേപ്പര്‍ രണ്ട് യോഗ്യത നേടിയവര്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ പഠിപ്പിക്കാന്‍ യോഗ്യത നേടും. നിരവധി പേര്‍ ക്രമക്കേടില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെ ജെഡിയു നേതാവ് ഗുലാ ഗൗസ് വിശദീകരണവുമായി എത്തിയിരുന്നു. ‘ഒരുപാട് വിദ്യാര്‍ഥികളുടെ ഫലങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിക്കുമ്പോള്‍ ചെറിയ തെറ്റുകള്‍ സംഭവിക്കും’ എന്നാണ് പ്രതികരിച്ചത്.
സംസ്ഥാനതല പരീക്ഷാ ഫലങ്ങളില്‍ ഇതാദ്യമായല്ല സിനിമാ താരങ്ങളുടെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. 2019ല്‍ ബിഹാര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിങ് വകുപ്പിന്റെ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയില്‍ ബോളിവുഡ് നടി സണ്ണി ലിയോണി ഇടം പിടിച്ചിരുന്നു. നടിയുടെ പേരുമായി ഉദ്യോഗാര്‍ഥിയുടെ പേരിന് വന്ന സാമ്യമാണ് പരീക്ഷ ഫലത്തില്‍ സണ്ണി ലിയോണ്‍ എന്ന് പ്രത്യക്ഷപ്പെടാന്‍ കാരണം.