കൊച്ചി: ശാരീരികമായി സുഖമില്ലന്ന് കരഞ്ഞ് പറഞ്ഞിട്ടു പോലും പള്‍സര്‍ സുനി നടിയെ വെറുതെ വിട്ടില്ല . .
സാംസ്‌കാരിക കേരളത്തിന് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ് പ്രതി നടിയോട് ചെയ്തതെന്നാണ് ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും അന്വേഷണ സംഘത്തിന് ബോധ്യമായതെന്നാണ് അറിയുന്നത്.
( ക്രൂരത സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ധാര്‍മ്മികമായി ബുദ്ധിമുട്ടുള്ളതിനാല്‍ അതിനു മുതിരുന്നില്ല)
മറ്റു പ്രതികള്‍ കുറ്റകൃത്യത്തിന് കൂട്ടുനിന്നതല്ലാതെ നടിയെ ഉപദ്രവിച്ചിട്ടില്ലന്നാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.
കേസില്‍ നഷ്ടപ്പെട്ടു എന്നു കരുതിയ നിര്‍ണ്ണായക തെളിവു ലഭിച്ചു കഴിഞ്ഞതിനാല്‍ ഇനി പ്രതിയെ റിമാന്റില്‍ വച്ച് തന്നെ വിചാരണ നടത്തണമെന്ന നിര്‍ദ്ദേശം അന്വേഷണ സംഘം മുന്നോട്ട് വച്ചിട്ടുണ്ട്.
ഗൂഡാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകും. ഒരുമാസത്തിനകം കുറ്റപത്രം തയ്യാറാക്കാനാണ് തീരുമാനം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും നിയമിക്കും.
തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വധ കേസില്‍ പ്രതി പ്രമുഖ ബിസിനസ്സുകാരനായ നിസാമിനെ റിമാന്റില്‍ വച്ച് തന്നെയായിരുന്നു വിചാരണ നടത്തി ശിക്ഷ വിധിച്ചിരുന്നത്.
കേരളത്തെ മാത്രമല്ല രാജ്യത്തെ തന്നെ പിടിച്ചുലച്ച വിവാദ കേസ് തന്നെയാണ് നടിക്കെതിരായ ആക്രമണവുമെന്നതിനാല്‍ പ്രതിയെ പുറത്ത് വിടാതെ വിചാരണ നടത്തണമെന്ന് പൊതുസമൂഹത്തില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നിരുന്നു.
സര്‍ക്കാരിനെ സംബന്ധിച്ചും അന്വേഷണ സംഘത്തെ സംബന്ധിച്ചും ഈ ആവശ്യത്തിന്‍മേല്‍ കണ്ണടയ്ക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് താന്‍ ഉടന്‍ പുറത്തിറങ്ങുമെന്ന മട്ടിലുള്ള അഹങ്കാരത്തോടെയുള്ള പ്രതിയുടെ പെരുമാറ്റത്തിന്റെ പശ്ചാതലത്തില്‍.
ഗൂഡാലോചന സംബന്ധിച്ച അന്വേഷണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പള്‍സര്‍ സുനിക്കും കൂട്ട് പ്രതികള്‍ക്കും ഇനി കൂട്ടില്‍ തന്നെ കിടന്ന് വിചാരണ നേരിടേണ്ടി വരും.
ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധമായി ദിവസങ്ങളായി അന്വേഷണ സംഘത്തെ വട്ടം കറക്കിയ പ്രതിക്ക് അയാളുടെ അതിബുദ്ധി തന്നെയാണ് ഇപ്പോള്‍ വിനയായി മാറിയിരിക്കുന്നത്.
ഒളിവില്‍ പോകുന്നതിന് മുന്‍പ് നടിയെ ഉപദ്രവിക്കുന്ന ദൃശ്യം പകര്‍ത്തിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും അഭിഭാഷകന്റെ വസതിയില്‍ കൊണ്ട് പോയി പ്രതി നല്‍കുകയായിരുന്നു. ഈ തെളിവുകള്‍ അഭിഭാഷകന്‍ കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.
ഇവ കോടതിയുടെ അനുമതിയോടെ വിദഗ്ദ പരിശോധനക്ക് അയച്ച അന്വേഷണ സംഘത്തെ അത്ഭുതപ്പെടുത്തിയാണ് ഇപ്പോള്‍ അനുകൂലമായ റിസള്‍ട്ട് ലഭിച്ചിരിക്കുന്നത്.
ഓടയിലും കായലിലുമെല്ലാം മെമ്മറി കാര്‍ഡ് സഹിതം മൊബൈല്‍ ഫോണ്‍ കളഞ്ഞുവെന്ന് പരസ്പര വിരുദ്ധങ്ങളായ കാര്യം പറഞ്ഞ് പ്രതി വട്ടം കറക്കുന്നതിനാല്‍ കോടതിയില്‍ അഭിഭാഷകന്‍ നല്‍കിയ തെളിവില്‍ ഈ ദൃശ്യം ഉണ്ടായിരിക്കുമെന്ന് അന്വേഷണ സംഘം പോലും കരുതിയിരുന്നില്ല.
സ്വന്തം രീതിയില്‍ പരിശോധന നടത്താതെ വിദഗ്ദ പരിശോധനക്ക് പ്രാപ്പര്‍ ചാനലില്‍ അയച്ചാണ് പൊലീസ് ഇപ്പോള്‍ ഇതു സംബന്ധമായ പരിശോധന പൂര്‍ത്തിയാക്കിയിരിക്കുന്നത്.
കേസില്‍ പ്രതിയുടെ അഭിഭാഷകരെ സാക്ഷികളാക്കാന്‍ അന്വേഷണ സംഘം നടത്തിയ നീക്കങ്ങളും തന്ത്രപരമാണ്.
പ്രതിഭാഗം അഭിഭാഷകനാണ് തെളിവ് കൈമാറിയത് എന്നതിനാല്‍ കേസില്‍ നിര്‍ണ്ണായക സാക്ഷിയാണെന്നും പ്രതിക്ക് വേണ്ടി വാദിക്കാന്‍ പാടില്ലന്നുമുള്ള നിലപാട് രേഖാമൂലം അറിയിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെയുടെ പോലീസ് കസ്റ്റഡി ഈ മാസം 10നാണ് അവസാനിക്കുന്നത്. ഇതിന് ശേഷമാണ് കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ തുടങ്ങുക.