actress assault case

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന്റെ ശ്രമം തുടരുന്നു. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഗൂഢാലോചന തെളിയിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.

നടിയെ ആക്രമിച്ച ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതിനായി പ്രതികള്‍ സമീപിച്ച അഭിഭാഷകനും ഭാര്യയും കേസില്‍ സാക്ഷികളാകും.

അഭിഭാഷകനെ സുനില്‍കുമാര്‍ ഏല്‍പിച്ച മെമ്മറി കാര്‍ഡ് കോടതി മുഖേന പൊലീസ് തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. നടിയെ ഉപദ്രവിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതിലുണ്ടെന്ന സൂചന ലാബ് അധികൃതര്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.

പരിശോധനാ റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിച്ചാലുടന്‍ അഭിഭാഷക ദമ്പതികളില്‍ നിന്നു പൊലീസ് മൊഴിയെടുക്കും. പ്രതികള്‍ അഭിഭാഷകനെ കണ്ടു തെളിവുകള്‍ കൈമാറിയ സമയത്ത് അഭിഭാഷകയായ ഭാര്യയും വീട്ടിലുണ്ടായിരുന്നതിനാലാണ് ഇരുവരും സാക്ഷികളാകുന്നത്.

നടിയെ ആക്രമിച്ചതിനു പിറ്റേന്നു രാത്രിയാണ് അഭിഭാഷകനെ സമീപിച്ചു സുനില്‍കുമാര്‍, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ വക്കാലത്ത് ഒപ്പിട്ടു നല്‍കിയത്. ഫോണ്‍, മെമ്മറി കാര്‍ഡ്, വിജീഷിന്റെ പാസ്‌പോര്‍ട്ട് എന്നിവയും ഏല്‍പിച്ചു. എന്നാല്‍, മെമ്മറി കാര്‍ഡില്‍ നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ, അഭിഭാഷകന്‍ ഇതു കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

എന്നാല്‍ പൊലീസിന്റെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടും എന്നുറപ്പായതിനാല്‍ ഈ കേസിലെ പ്രതികളില്‍ ആരുടെയും വക്കാലത്ത് ഏറ്റെടുക്കുന്നില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു.

കേസില്‍ ഗൂഢാലോചന നടന്നോയെന്നതിന് കൂടുതല്‍ തെളിവുകള്‍ക്കായി പ്രതികളുടെ ഫോണ്‍ രേഖകളുടെ വിശദമായ പരിശോധന തുടരുകയാണ്. ശാസ്ത്രീയ പരിശോധനക്കയച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവയും കേസില്‍ നിര്‍ണായകമാകും.

മണികണ്ഠന്‍ മാപ്പു സാക്ഷിയാകാന്‍ തയ്യാറാണെങ്കിലും കേസിലെ പങ്ക് വ്യക്തമായാല്‍ ഇയാളെ രണ്ടാം പ്രതിയാക്കി കുറ്റപ്പത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ വടിവാള്‍ സലി, പ്രദീപ് എന്നിവരെ ആലുവ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മണികണ്ഠനെ മാര്‍ച്ച് 8ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

Top