കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മജിസ്‌ട്രേറ്റിന്റെ ചേമ്പറില്‍ ആണ് കസ്റ്റഡി പരിഗണിച്ചത്. കോടതിയില്‍ നിന്നും നേരെ ആലുവ പൊലീസ് ക്ലബിലേക്കാണ് ദിലീപിനെ കൊണ്ടുപോവുക.
ആലുവ സബ്ജയിലില്‍ നിന്നുമാണ് ദിലീപിനെ അങ്കമാലി കോടതിയില്‍ എത്തിച്ചത്. ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിച്ചു.ജാമ്യപേക്ഷ തുറന്ന കോടതിയിലാണ് പരിഗണിച്ചത്.
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി മാറ്റി. പ്രോസിക്യൂഷന് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. കസ്റ്റഡി കാലാവധി തീര്‍ന്നാലേ ജാമ്യാപേക്ഷ പരിഗണിക്കൂ.
കോടതി ആദ്യം പൊലീസിന്റെ കസ്റ്റഡി അപേക്ഷയാണ് പരിഗണിച്ചത്. എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് പൊലീസ് ആദ്യം ആവശ്യപ്പെട്ടതെങ്കിലും അത് ലഭിക്കില്ലെന്ന് മനസിലായതോടെ ഒടുവില്‍ മൂന്നു ദിവസമെങ്കിലും കിട്ടണമെന്ന് അപേക്ഷിക്കുകയായിരുന്നു.
എന്നാല്‍, ഇത്ര ഗൗരവമായ കേസായിട്ടു കൂടി രണ്ടു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.