നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്ത് അഡ്വ.ആളൂര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്ത് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍ രംഗത്ത്.

ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസ് അന്വേഷണത്തിനായാണ് സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ സുനിയെ ചോദ്യം ചെയ്യുന്നത് മുഴുവന്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണെന്നും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തണമെന്ന് പറഞ്ഞ പോലീസ് ഒരിക്കല്‍ പോലും പ്രതിയെ കേരളത്തിന് പുറത്തുകൊണ്ടുപോയില്ലെന്നും അഡ്വ.ആളൂര്‍ വാദിച്ചു.

കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് പോലീസ് ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പിക്കെതിരേ നടപടി വേണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

ഇതിനിടെ കേസില്‍ രഹസ്യമൊഴി നല്‍കണമെന്ന് പ്രതി പള്‍സര്‍ സുനി ആവശ്യപ്പെട്ടു. ഈ മാസം പത്തൊമ്പതിന് ഇതു സംബന്ധിച്ച അപേക്ഷ നല്‍കും.

Top