നടിയെ ആക്രമിച്ച കേസ്; സെഷന്‍സ് കോടതി കേസ് പരിഗണിക്കരുതെന്ന ആവശ്യവുമായി അതിജീവിതയും പ്രോസിക്യൂഷനും

കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കഴിയില്ലെന്ന് കാണിച്ച് അതിജീവിത വിചാരണകോടതിയെ സമീപിച്ചു. പ്രോസിക്യൂഷനും സമാന ആക്ഷേപവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ജഡ്ജി ഹണി എം. വർഗീസിന് മുന്നിൽ ഇരുകൂട്ടരും അപേക്ഷ സമർപ്പിച്ചു

സിബിഐ കോടതിക്കാണ് കേസ് നടത്താൻ ഹൈക്കോടതി അനുമതി നൽകിയിരുന്നതെന്നാണ് വാദിക്കുന്നത്. ജോലിഭാരം കാരണം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കേസ് കൈമാറാൻ കഴിയില്ലെന്ന് ഹൈക്കോടതി നേരത്തെ നിലപാടെടുത്തതും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസ് ഫയൽ ഏത് കോടതിയുടെ അധികാരപരിധിയിലെന്ന് തീരുമാനിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അജകുമാർ ഹർജിയിൽ പറയുന്നു.

ഹണി എം. വർഗീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായപ്പോൾ കേസ് രേഖകൾ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യത്തിൽ പ്രതികളുടെ ആക്ഷേപം സമർപ്പിക്കാൻ സമയം നൽകി. കേസ് ഈ മാസം 11 ന് വീണ്ടും പരിഗണിക്കും.

Top