actress assault case- bjp strategy to bring cbi enquiry

കൊച്ചി: നടിക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട ഗൂഡാലോചന പുറത്ത് കൊണ്ടുവരാതെ ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന ബി ജെ പി തന്ത്രപരമായ നീക്കത്തിന്…

ആക്രമണത്തിന് വിധേയയായ നടിയുടെ കുടുംബത്തെ കൊണ്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് കത്ത് നൽകിക്കുന്നതിനാണ് ശ്രമം.

ഇങ്ങിനെ ഒരു കത്ത് ലഭിച്ചാൽ സംസ്ഥാന സർക്കാർ പ്രതിരോധത്തിലാകുമെന്ന് കണ്ടാണ് നീക്കം. എന്നിട്ടും സംസ്ഥാന സർക്കാർ സിബി ഐ അന്വേഷണത്തിന് കേസ് വിട്ടില്ലങ്കിൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജി നൽകുന്നതിനുള്ള ന്യായീകരണമാവും ഇതെന്നാണ് കണക്കു കൂട്ടൽ.

അതേസമയം കേസ് സിബിഐക്ക് വിടണമെന്ന ആവശ്യമുയർത്തി അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചാൽ കോടതി എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന കാര്യത്തിലും പാർട്ടിക്കകത്ത് രണ്ട് അഭിപ്രായമുണ്ട്.

പ്രത്യേകിച്ച് ഇരയോ അവരുടെ കുടുംബമോ അല്ലാതെ മറ്റാരെങ്കിലും ഹർജിയുമായി ചെന്നാൽ കോടതി നിലവിലെ അന്വേഷണം പൂർത്തിയാകട്ടെ എന്ന നിലപാട് സ്വീകരിച്ചേക്കാമെന്ന അഭിപ്രായം നിയമരംഗത്ത് പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർക്കുണ്ട്. അതുകൊണ്ട് കൂടിയാണ് നടിയുടെ കുടുംബത്തെ രംഗത്തിറക്കാനുള്ള നീക്കം.

ഗൂഡാലോചന സംബന്ധമായി ഇപ്പോൾ കേസന്വേഷിക്കുന്ന സ്പെഷ്യൽ ടീമിന് പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ലങ്കിൽ സിബിഐ അന്വേഷണത്തിലേക്ക് പിന്നീട് കാര്യങ്ങൾ എത്തിക്കുമെന്ന നിഗമനത്തിലാണ് ബി ജെ പിയുടെ നീക്കങ്ങൾ.

വിവാദം സൃഷ്ടിച്ച കേസാണ് എന്നതിലുപരി ക്വട്ടേഷനാണ് എന്ന് പ്രതി തന്നെ തന്നോട് പറഞ്ഞിരുന്നു എന്ന നടിയുടെ മൊഴിയാണ് ഇക്കാര്യത്തിൽ നിർണ്ണായകമാവുകയത്രെ.

മാത്രമല്ല,സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തോട് മുഖം തിരിക്കുകയാണെങ്കിൽ കോടതിയിൽ സിബിഐ അഭിഭാഷകന്റെ നിലപാടും നിർണ്ണായകമാവും.

സാധാരണ ഗതിയിൽ ഇത്തരം സന്ദർഭങ്ങളിൽ അന്വേഷിച്ച് കൊണ്ടിരിക്കുന്ന കേസുകളുടെ ബാഹുല്യം ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറാനാണ് സിബിഐ ശ്രമിക്കുകയെങ്കിലും നടിയുടെ കേസിൽ എന്തായാലും ആ പതിവുണ്ടാകാൻ സാധ്യതയില്ല.

ഇക്കാര്യം കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തി ബിജെപി നേതൃത്വം തന്നെ ഉറപ്പിക്കുമെന്നാണ് അറിയുന്നത്. മാത്രമല്ല ദേശീയ തലത്തിൽ തന്നെ നടിക്ക് നേരെ നടന്ന ഈ ക്രൂരത ചർച്ചയായതിനാൽ സിബിഐ ഉന്നതരെ സംബന്ധിച്ചും ‘ഗോള’ടിക്കാനുള്ള നല്ല അവസരമായതിനാൽ പാഴാക്കില്ലന്ന കാര്യവും ഉറപ്പാണ്.

ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ ആക്രമണങ്ങളിൽ വേട്ടക്കാർക്കൊപ്പമാണ് നിൽക്കുന്നതെന്നാണ് ബി ജെ പിയുടെ പ്രധാന ആരോപണം. ഇത് ഗൂഡാലോചനക്കാരെ സംരക്ഷിക്കാനായതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് അവരുടെ നിലപാട്.

മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ്സും സിബിഐ അന്വേഷണം സംഭവത്തിൽ ആവശ്യപ്പെട്ടതിനാൽ ആത്യന്തികമായി ഇനി സർക്കാറാണ് പ്രതിരോധത്തിലാകുക എന്നാണ് ബി ജെ പിയുടെ കണക്ക് കൂട്ടൽ.

സംസ്ഥാന പൊലീസിന് ഗൂഡാലോചനക്കാരെ പിടികൂടാൻ പറ്റാതെ വരികയും കാര്യങ്ങൾ സിബിഐ അന്വേഷണത്തിലെത്തി അണിയറയിലെ വമ്പൻമാരെ പിടികൂടാൻ കഴിയുകയും ചെയ്താൽ അത് രാഷ്ട്രീയപരമായി വലിയ നേട്ടം ബിജെപിക്ക് സംസ്ഥാനത്തുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

നടിയുമായും കുടുംബവുമായും ബന്ധപ്പെട്ട സുഹൃത്തുക്കൾ വഴിയും മുതിർന്ന ബിജെപി നേതാക്കൾ ഇതിനകം തന്നെ ആശയവിനിമയം തുടങ്ങി കഴിഞ്ഞതായാണ് സൂചന.

നടിയെ കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ സിനിമാ മേഖലയിലെ തന്നെ പ്രബല വിഭാഗം ശ്രമിക്കുന്നതായ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

Top