കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നും വാദം കേൾക്കും. ഫോറൻസിക് പരിശോധനയുടെ ആവശ്യമില്ലെന്ന് ദിലീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യൂവിൽ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാൻ പറ്റുമെന്നാണ് ദിലീപിന്റെ വാദം. വീണ്ടും സാക്ഷിവിസ്താരം നടത്തിയാലും ഇക്കാര്യം മനസിലാക്കാം. കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയയ്ക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
മെമ്മറി കാർഡ് തുറന്നു പരിശോധിച്ചാൽ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടാകുമെന്നാണ് ഫോറൻസിക് ലാബ് അസി ഡയറക്ടർ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം, നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജിയും ക്രൈംബ്രാഞ്ചിന്റെ ഹർജിക്കൊപ്പം കോടതി പരിഗണിക്കും. ഇതിനിടെ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി വിചാരണ കോടതി ഇന്നലെ തള്ളിയത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയായിട്ടുണ്ട്.