കോട്ടയം: നടിയെ ആക്രമിച്ച കേസിൽ ഷോൺ ജോർജിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഉച്ചയ്ക്ക് കോട്ടയം ക്രൈംബ്രാഞ്ച് ഓഫിസിലെത്തണമെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിലാണ് നടപടി.
കേസുമായി ബന്ധപ്പെട്ട് മുൻപ് ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തുകയും മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയ വഴി തനിക്ക് ലഭിച്ച ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ദിലീപിന് അയച്ചുനൽകിയെന്ന് ഷോൺ ജോർജ് സമ്മതിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ടുകൾ ദിലീപിന്റെ സഹോദരൻ അനൂപിന് ഷോൺ ജോർജ് അയച്ചതായിരുന്നു കേസിന് ആധാരമായ സംഭവം. ഈ ചാറ്റുകൾ വ്യാജമായി നിർമിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തനിക്ക് ഇവ ലഭിച്ചത് സോഷ്യൽ മീഡിയയിൽ നിന്നാണെന്നായിരുന്നു ഷോൺ ജോർജ് പറഞ്ഞിരുന്നത്.