നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ വാദം മാറ്റി വെക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ആവശ്യം. കേസില്‍ വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയുക എന്നതാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശം.

സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടര്‍മാരെ ഒഴിവാക്കിയും വിചാരണ ഒരു വര്‍ഷം തടസപ്പെടുത്തി. ഹര്‍ജിയില്‍ വാദം നടക്കുന്നത് വിചാരണയെ ബാധിക്കും. കേസില്‍ എഫ്എസ്എല്‍ അധികൃതരുടെ സാക്ഷി വിസ്താരം നടക്കുന്നുണ്ട്. വാദം മാറ്റിവെക്കെണ്ടതിന്റെ കാരണം സീല്‍ഡ് കവറില്‍ ഹാജരാക്കാമെന്നും ദിലീപ് കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ കോടതി കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിലെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് ദിലീപ് വാദം മാറ്റിവെക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാല്‍ ഹര്‍ജിയെ ദിലീപ് ശക്തമായി എതിര്‍ത്തിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഹര്‍ജിക്കാരിയുടെ ശ്രമം എന്നാണ് ദിലീപിന്റെ വാദം. ഈ നീക്കത്തെ പ്രോസിക്യൂഷന്‍ പിന്തുണയ്ക്കുകയാണെന്നും ദിലീപ് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ അന്വേഷണം ആവശ്യപ്പെടുന്നതില്‍ എന്തിനാണ് ആശങ്കപ്പെടുന്നതെന്നാണ് ജസ്റ്റിസ് കെ. ബാബു ആരാഞ്ഞത്.വിചാരണ നീണ്ടുപോകുന്നതിനാലാണ് ആശങ്കയെന്നും, തന്റെ ജീവിതമാണ് കേസുകാരണം നഷ്ടമായതെന്നും ദിലീപിന്റെ മറുപടി. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.

Top