കൊച്ചി: നടിയ്ക്കുനേരേയുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പള്‍സര്‍ സുനിയുടെ മൊബൈൽ ഫോണ്‍ കണ്ടു കിട്ടേണ്ടത് പൊലീസിന് അനിവാര്യം.
പ്രതി പറഞ്ഞ പ്രകാരം ഓടയിലടക്കം തെളിവെടുപ്പ് നടത്തിയെങ്കിലും ഇതുവരെ ഫോൺ കണ്ടുകിട്ടിയിട്ടില്ല. ഈ ഫോണ്‍ കേസിലെ സുപ്രധാനമായ തെളിവുകളിലൊന്നാണ്.
സുനിയെയും വിജീഷിനെയും കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ എത്രയുംവേഗം ഈ ഫോണിനെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരം കണ്ടെത്തുകയെന്നതാണ് അന്വേഷണസംഘത്തിനു മുന്നിലുള്ള വലിയ വെല്ലുവിളി.
ഇന്ന് കാലത്ത് മുതൽ കൊയമ്പത്തൂരിൽ പ്രതികളെയും കൊണ്ട് തെളിവെടുപ്പ് നടത്തി വരികയാണ്.
ശനിയാഴ്ച സുനിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടു മൊബൈൽ ഫോണുകളും മെമ്മറി കാര്ഡുകളും പോലീസ് കണ്ടെത്തിയിരുന്നു. ഇവ സംഭവദിവസം ഉപയോഗിച്ചതാകുമെന്ന പ്രതീക്ഷ അന്വേഷണസംഘത്തിനില്ലെങ്കിലും ഈ ഫോണിൽ നിന്നും ചില നിര്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡും സിം കാര്‍ഡും മാറ്റിയശേഷം ഈ ഫോണ്‍ നശിപ്പിച്ചുകളഞ്ഞിരിക്കാനുള്ള സാധ്യതയും പരിശോധിക്കും. അങ്ങനെയെങ്കിൽ മെമ്മറി കാര്‍ഡുള്‍പ്പെടെ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.