കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച ഫോണ്‍ കണ്ടെത്തുന്നതിന് ഗോശ്രീ പാലത്തിന് അടിയിലെ കായലില്‍ പരിശോധന.
നാവികസേന മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് ഫോണ്‍ വലിച്ചെറിഞ്ഞു എന്ന് സുനി പറഞ്ഞ സ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നത്. അഞ്ചംഗ മുങ്ങല്‍വിദഗ്ധരുട സംഘമാണ് പരിശോധന നടത്തുന്നത്.
സംഭവം നടന്ന രാത്രി ഫോണ്‍ നശിപ്പിക്കുന്നതിനായി ഗോശ്രീ പാലത്തിനു മുകളില്‍നിന്ന് ഫോണ്‍ താഴേയ്ക്ക് എറിഞ്ഞു എന്നായിരുന്നു പള്‍സര്‍ സുനി പൊലീസിനു നല്‍കിയ മൊഴി. ഇതനുസരിച്ചാണ് പൊലീസ് ഇവിടെ പരിശോധന നടത്തുന്നത്. സ്ഥലം കാട്ടിക്കൊടുക്കുന്നതിന് പള്‍സര്‍ സുനിയെയും വിജീഷിനെയും ഇവിടെയെത്തിച്ചിരുന്നു.
അതേസമയം, പ്രതി ഒളിവില്‍ പോയ സമയത്ത് താമസിച്ച ആലപ്പുഴ, കുണ്ടന്നൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തുകയാണ്.
ഇതിനായി സുനിയെ പൊലീസ് അമ്പലപ്പുഴ കക്കായം ഫാമിലെത്തിച്ചു തെളിവെടുക്കുകയാണ്. സുനി ഫാമിലെത്തി സുഹൃത്തിനോട് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് പറഞ്ഞിരുന്നു. മറ്റാര്‍ക്കെങ്കിലും ഫോണ്‍ കൈമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ പള്‍സര്‍ സുനിയെയും വിജീഷിനെയും കോയമ്പത്തൂരില്‍ ഒളിവില്‍ താമസിപ്പിച്ച സുഹൃത്ത് ചാര്‍ളി തോമസിനെ ആലുവ കോടതി മാര്‍ച്ച് 13 വരെ റിമാന്റ് ചെയ്തു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യലിനുശേഷം ഇയാളെ അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതി ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അംഗീകരിച്ചില്ല.