നടിയെ ആക്രമിച്ച കേസ്: മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറിയതായി റിപ്പോർട്ട്

ടിയെ ആക്രമിച്ച കേസിലെ മെമ്മറികാർഡിന്റെ ഫോറൻസിക് പരിശോധനാ റിപ്പോർട്ട് വിചാരണ കോടതിക്ക് കൈമാറി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മൂന്ന് പ്രാവശ്യം മാറ്റം വന്നതായി പരിശോധനയിൽ കണ്ടെത്തി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചും ജില്ലാകോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യുമാറിയത്. തിരുവനന്തപുരത്തെ ലാബിൽ നിന്നുള്ള റിപ്പോർട്ടാണ് കോടതിയിൽ നൽകിയത്. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ പകർപ്പ് കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി നേരത്തെ നിരസിച്ചിരുന്നു. പിന്നീട് സുപ്രിംകോടതിയാണ് പരിശോധനക്ക് അനുമതി നൽകിയത്. കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടാനും തീരുമാനിച്ചിരിക്കുകയാണ്. മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്ന് അറിയണമെന്നും കാർഡ് പരിശോധിച്ചില്ലെങ്കിൽ നീതിയുറപ്പാവില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ വൈകിപ്പിക്കാനാണ് കാർഡ് പരിശോധിക്കാൻ അവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അതേസമയം നടിയെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തിനെതിരെ അതിജീവിത നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. കേസ് അട്ടിമറിക്കാൻ ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകാത്ത അന്വേഷണ സംഘത്തിന്റെ നിലപാട് ചോദ്യം ചെയ്താണ് ഹരജി.

Top