കൊച്ചി: അച്ഛനെതിരെ അമ്മ സാക്ഷി പറയുന്ന അവസ്ഥയുണ്ടായാല്‍ പരസ്യമായി പ്രതികരിക്കാനൊരുങ്ങി മകള്‍ !
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ മഞ്ജു വാര്യര്‍ സാക്ഷിയായാല്‍ ദിലീപിന് വേണ്ടി മകള്‍ മീനാക്ഷി രംഗത്തിറങ്ങുമെന്നാണ് സൂചന.
വേര്‍പിരിഞ്ഞതിന് ശേഷവും അച്ഛനെ വേട്ടയാടുന്നത് അംഗീകരിച്ച് കൊടുക്കില്ലന്ന കര്‍ക്കശ നിലപാടിലാണത്രെ മീനാക്ഷി.
ദിലീപ് അഴിക്കുള്ളിലായതിനു ശേഷം ശരിക്ക് ഭക്ഷണം പോലും കഴിക്കാതെ ഒറ്റപ്പെട്ടിരിക്കുന്ന മീനാക്ഷിയുടെ ദു:ഖമകറ്റാന്‍ ദിലീപിന്റെ അമ്മക്കും മറ്റ് ബന്ധുക്കള്‍ക്കുമെന്നും ഇതുവരെ കഴിഞ്ഞിട്ടില്ല.
ആരോടും സംസാരിക്കാന്‍ താല്‍പര്യമില്ലാതെയിരിക്കുന്ന മീനാക്ഷി അമ്മ അച്ഛനെതിരെ സാക്ഷി പറയുമെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ശ്രവിച്ചത്.
ഇത്തരമൊരു സാഹചര്യം ഉണ്ടായാല്‍ താന്‍ ചുമ്മാ മിണ്ടാതെയിരിക്കില്ലന്നും വിവാഹമോചനത്തിനിടയാക്കിയ ‘കാര്യങ്ങള്‍’ അറിയാവുന്നത് കോടതിയില്‍ വന്ന് പറയേണ്ടി വന്നാല്‍ അതിനും തയ്യാറാകുമെന്ന നിലപാടിലാണ് മീനാക്ഷി.
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നേരിട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ മീനാക്ഷിക്ക് നിയമപരമായ തടസ്സമുണ്ടെങ്കിലും ബന്ധുക്കളുടെ സഹായത്തോടെ കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അവസരമുണ്ട്.
കുടുംബ ജീവിതം തകര്‍ത്തതിലുള്ള വ്യക്തി വൈരാഗ്യമാണ് നടിക്കെതിരായ ആക്രമണമെന്ന് ആരോപിക്കുന്ന പൊലീസ് ദിലീപിനെതിരെ മുന്‍ ഭാര്യ മഞ്ജുവിനെ സാക്ഷിയാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്.
തല്‍ക്കാലം ദിലീപ് പെട്ടെന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുന്നത് തടയാന്‍ മഞ്ജുവിന്റെ മൊഴി കൊണ്ട് കഴിയുമെങ്കിലും ആത്യന്തികമായി വിചാരണ വേളയില്‍ മീനാക്ഷിയുടെ മെഴിയും നിര്‍ണായകമായേക്കും.
അഞ്ച് വര്‍ഷം മുന്‍പ് കുടുംബകോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ആദ്യം ഹര്‍ജി ഫയല്‍ ചെയ്തത് ദിലീപ് ആയിരുന്നു.
കാവ്യാ മാധവനുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടി മഞ്ജുവിനോട് പറഞ്ഞ ‘കഥയല്ല’ കുടുംബകോടതിയില്‍ ദിലീപ് സമര്‍പ്പിച്ച രേഖയിലുള്ളത്.
രഹസ്യ ഫയലായി കോടതിയില്‍ സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയില്‍ വില്ലന്‍മാരും യഥാര്‍ത്ഥത്തില്‍ പിരിയാനുള്ള കാരണവുമുണ്ടെന്ന് ദിലീപ് അടുത്തയിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചന അതിരുവിട്ടാല്‍ രഹസ്യം പരസ്യമാക്കേണ്ടി വരുമെന്നാണ് മനോരമ ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദിലീപ് മുന്നറിയിപ്പ് നല്‍കിയിരുന്നത്.
‘ഭാര്യയില്‍ നിന്നും കടുത്ത മാനസിക പീഢനമാണ് താന്‍ അനുഭവിക്കുന്നതെന്നും ഒരു വര്‍ഷമായി പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഇനി യോജിച്ച് പോകാന്‍ കഴിയില്ലന്നും’ ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാണിച്ചിരുന്നു.
താനും ഭാര്യയും സിനിമാ താരങ്ങള്‍ ആയതിനാല്‍ സെന്‍സേഷന്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രഹസ്യ വിചാരണ വേണമെന്നുമുള്ള ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചതിനാല്‍ മാത്രമാണ് ഇതുവരെ ദിലീപിന്റെ ഹര്‍ജിയിലെ ‘കാരണങ്ങള്‍ ‘പുറം ലോകം അറിയാതിരുന്നത്.
ദിലീപിനോടും മഞ്ജുവിനോടും നേരിട്ട് കുടുംബകോടതി ജഡ്ജി സംസാരിച്ചിരുന്നുവെങ്കിലും പിരിയാനുള്ള തീരുമാനത്തില്‍ പക്ഷേ മാറ്റമൊന്നും ഉണ്ടായിരുന്നില്ല..
പിന്നീട് രണ്ടു പേരുടെയും സമ്മതപ്രകാരം കോടതി വിവാഹമോചനം അനുവദിക്കുകയായിരുന്നു. മകള്‍ മീനാക്ഷിയാവട്ടെ അച്ഛനോടൊപ്പം പോകാനാണ് താല്‍പ്പര്യപ്പെട്ടത്.
കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെ ആക്രമിക്കപ്പെട്ട നടി, കാവ്യയുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ കൈമാറിയതാണ് വിവാഹ ബന്ധം തകരാന്‍ കാരണമെന്ന് പറയുന്നതിന്റെ ‘യുക്തി’ വിചാരണ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുക സ്വാഭാവികമാണെന്നാണ് നിയമ കേന്ദ്രങ്ങളും ചൂണ്ടിക്കാണിക്കുന്നത്.
ഇവിടെ ദിലീപ് തന്നെയാണ് ആദ്യം വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത് എന്നത് പ്രതിഭാഗത്തിന് ചൂണ്ടിക്കാണിക്കാന്‍ നല്ലൊരു പിടിവള്ളിയാണ്.
പറയപ്പെടുന്നത് പോലെ ആക്രമിക്കപ്പെട്ട നടി നല്‍കിയ ‘വിവരം’ മഞ്ജുവിന് ദിലീപിനോട് വെറുപ്പുണ്ടാകാനും ബന്ധം അവസാനിപ്പിക്കാനും കാരണമായിരുന്നുവെങ്കില്‍ ആദ്യം വിവാഹമോചന ഹര്‍ജി നല്‍കേണ്ടിയിരുന്നത് മഞ്ജുവായിരുന്നില്ലേ എന്ന ചോദ്യവും ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞു.
നടിയോട് ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ മഞ്ജു വാര്യര്‍ സാക്ഷിയായില്ലെങ്കില്‍ കഴിയില്ലെന്ന് കണ്ടാണ് ഇപ്പോഴത്തെ നീക്കമത്രെ.
‘വ്യക്തിപരമായ അടുപ്പം ഇല്ല എന്നതല്ലാതെ ദിലീപിന് തന്നോട് വൈരാഗ്യമുണ്ടെന്ന്’ ഇതുവരെ ആക്രമിക്കപ്പെട്ട നടി പോലും പറഞ്ഞിട്ടില്ല.
മാത്രമല്ല താന്‍ നടന്റെ പേര് എവിടെയും ആരോടും പറഞ്ഞിട്ടില്ലന്ന് കൂടി നടി വ്യക്തമാക്കുകയുണ്ടായി.
ഇക്കാര്യം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുക കൂടി ചെയ്തതോടെയാണ് വെട്ടിലായ അന്വേഷണ സംഘം മഞ്ജു വാര്യരെ സാക്ഷിയാക്കാന്‍ ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
റിപ്പോര്‍ട്ട് : എം വിനോദ്