കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ക്ക് അന്വേഷണ സംഘത്തിന്റെ നോട്ടീസ്.
അഭിഭാഷകരായ ഇസി പൌലോസിന്റേയും ബോബി റാഫേലിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നോട്ടീസ് അയച്ചത്.
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചതിന്റെ പിറ്റേ ദിവസം പ്രധാന പ്രതികളായ പള്‍സര്‍ സുനി, വിജേഷ്, മണികണ്ഠന്‍ എന്നിവര്‍ കറുകുറ്റിയില്‍ എത്തി അഭിഭാഷകരായ ഇസി പൌലോസിനേയും ബോബി റാഫേലിനെയും കണ്ടിരുന്നു.
മുന്‍കൂര്‍ ജാമ്യത്തിനടക്കം വക്കാലത്ത് ഒപ്പിട്ട് നല്‍കിയ ശേഷം ഒരു മൊബൈല്‍ ഫോണ്‍, പേഴ്‌സ്, പാസ്‌പോര്‍ട്ട് എന്നിവ ഇവരെ എല്‍പ്പിച്ചതിന് ശേഷമാണ് ഒളിവില്‍ പോയത്.
എന്നാല്‍ കേസിന്റെ പ്രാധാന്യം മനസിലാക്കി അഭിഭാഷകര്‍ ഇതെല്ലാം കോടതിക്ക് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകരെ സാക്ഷി പട്ടികയില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയത്. ഇവരില്‍ നിന്നും വിശദമായ മൊഴിയും അന്വേഷണസംഘം ശേഖരിച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളായതിനാല്‍ വക്കാലത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അഭിഭാഷകര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
കേസില്‍ ആദ്യം പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രതീപ്, മണികണ്ഠന്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇവരെ വൈകുന്നേരം ആലുവ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാകും. പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇവരെ വീണ്ടും കസ്റ്റഡിയില്‍ ചോദിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.