കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാന തെളിവായ ആക്രമണം പകർത്തിയ മെമ്മറി കാർഡ് ലഭിച്ചെങ്കിലും ഇതിന്റെ പകർപ്പ് പ്രതി ഒന്നിലധികം കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ളതായി പൊലീസിന് സംശയം.
ദൃശ്യങ്ങൾ കോയമ്പത്തൂരിൽ ഒളിവിൽ കഴിയുമ്പോൾ സുനി കാണിച്ചതായി കേസിലെ മറ്റൊരു പ്രതി മണികണ്ഠൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. മാത്രമല്ല, സംഭവ ശേഷം അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ സുനി മെമ്മറി കാർഡ് ഫോണിൽ നിന്നെടുക്കാൻ ഒരു പിൻ ആവശ്യപ്പെട്ടിരുന്നുവെന്ന് സുഹൃത്തിന്റെ സഹോദരിയും മൊഴി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ ഒന്നിലേറെ സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ളതായി പൊലീസ് സംശയിക്കുന്നത്.
ഏതെങ്കിലും തരത്തിലുള്ള ക്വട്ടേഷൻ നടിയെ ആക്രമിച്ചതിനു പിന്നിലുണ്ടെങ്കിൽ ക്വട്ടേഷൻ നൽകിയവരുടെ കൈകളിലും ദൃശ്യത്തിന്റെ കോപ്പി എത്താനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല.
ഗൂഡാലോചന സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലങ്കിലും മെമ്മറി കാർഡ് ലഭിച്ച സ്ഥിതിക്ക് ഇനി ബാക്കി കാര്യങ്ങൾ കൂടി എളുപ്പം പുറത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
പൾസർ സുനി മുൻപ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നമ്പറുകൾ കൂടി പരിശോധിക്കും. ഒരു വർഷത്തെ കാൾ വിവരങ്ങളേ മൊബൈൽ കമ്പനികളിൽ നിന്ന് ലഭ്യമാകൂ എന്നതിനാൽ ആ കാലയളവിലെ വിശദാംശങ്ങളാണ് ശേഖരിക്കുക.
നിരവധി സിംകാർഡുകൾ മാറ്റി മാറ്റി ഉപയോഗിക്കുന്ന പ്രതി ഒരു പ്രൊഫഷണൽ ക്രിമിനലിനെ പോലെയാണ് പ്രവർത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ലദിച്ച തെളിവുകൾ പരിശോധിച്ച് സമാനമായ രീതിയിൽ മറ്റ് നടിമാരെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഒരു കാരണവശാലും പുറത്ത് പോവാത്ത രൂപത്തിൽ അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്.