കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമണത്തിനിരയാക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അന്വേഷണസംഘത്തിന് ലഭിച്ചു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് ദൃശ്യങ്ങള്‍ കണ്ടെത്തിയത്.
പ്രതി ഒളിവില്‍ പോകുന്നതിന് മുന്‍പാണ് ഈ മെമ്മറി കാര്‍ഡ് അഭിഭാഷകന്റെ കൈവശം നല്‍കിയിരുന്നത്. കോടതിയില്‍ നിന്നും വാങ്ങിയ മെമ്മറി കാര്‍ഡ് വിദഗ്ദ പരിശോധനക്കായാണ് നേരത്തെ അന്വേഷണസംഘം അയച്ചിരുന്നത്. ഈ പരിശോധനയിലാണ് യഥാര്‍ത്ഥ ദൃശ്യം കണ്ടെത്തിയിരിക്കുന്നത്.
നടിക്കൊപ്പം സുനി കാറില്‍ നിന്ന് പകര്‍ത്തിയ സെല്‍ഫി ദൃശ്യങ്ങളാണ് കാര്‍ഡിലുള്ളത്.
മൊബൈലില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് മാറ്റിയെന്ന് സുനി മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്നും സുനി അറിയിച്ചിരുന്നു.
ഈ ഫോണ്‍ കായലില്‍ നിന്നും എറിഞ്ഞെന്നായിരുന്നു സുനിയുടെ ആദ്യ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നാവികസേനയുടെ സഹായത്തോടെ കായലില്‍ മുങ്ങിത്തപ്പിയിട്ടും ഫോണ്‍ ലഭിച്ചിരുന്നില്ല.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, നുണപരിശോധനയ്ക്ക് തയാറല്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആലുവ കോടതിയെ അറിയിച്ചു. സുനി, വിജീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി കോടതി ഉത്തരവിടുകയും ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു