actress assault case-police questioning palsar suni

കൊച്ചി: നടിയെ ആക്രമിച്ച പൾസർ സുനിയുടെ പൊലീസ് കസ്റ്റഡി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പ്രതിയെ പൊലീസ് ‘മുറയിൽ ‘ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുവാദമില്ല ?

പ്രതിയിൽ നിന്നും കണ്ടെടുക്കേണ്ട നടിയെ ആക്രമിച്ചതടക്കമുള്ള ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പറ്റാത്തത് സംസ്ഥാനത്തെ ഒരു പൊലീസ് ഉന്നതന്റെ ഇടപെടലാണെന്ന ആരോപണം സേനക്കകത്ത് തന്നെ ഉയർന്നു കഴിഞ്ഞു.

സമ്പത്ത് കേസിന്റെ അനുഭവം മുന്നിലുള്ളതിനാൽ മുകളിൽ നിന്നുള്ള നിർദ്ദേശം മറികടന്ന് സാഹസത്തിന് മുതിരാൻ അന്വേഷണ സംഘത്തിലെ ഒരു വിഭാഗം തയ്യാറുമല്ല. ഡിപ്പാർട്ട്മെന്റിന്റെ പൂർണ്ണ പിന്തുണ ലഭിക്കാതെ ‘കടുത്ത ‘ നടപടികളിലേക്ക് കടക്കേണ്ടതില്ലന്നാണ് ഉദ്യോഗസ്ഥരിലെ പൊതുവികാരം.

പാലക്കാട് പുത്തൂർ ഷീല വധ കേസിലെ പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ കുടുങ്ങിയിരുന്നു. ഇതിൽ സി ബി ഐ ആദ്യഘട്ടത്തിൽ പ്രതിയാക്കിയ ഐ പി എസ് ഉദ്യോഗസ്ഥരായ മുഹമ്മദ് യാസിനും വിജയ് സാഖറെയും കഷ്ടിച്ചാണ് തലയൂരിയത്. യാസിൻ ഇപ്പോൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിയും സാഖറെ ഡൽഹിയിൽ ബിഎസ്എഫ് ഐ ജിയുമാണ്.

സമ്പത്ത് കേസ് വന്നപ്പോൾ ഷീലയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയാണ് മരണപ്പെട്ടതെന്ന കാര്യം പോലും പരിഗണിക്കാതെ കസ്റ്റഡി മരണത്തിനെതിരെ മാധ്യമങ്ങളും ആഞ്ഞടിച്ചിരുന്നു.

ഇത്തരമൊരു സാഹചര്യം പൾസർ സുനിയുടെ കാര്യത്തിലുണ്ടാവരുതെന്ന നിർബന്ധം അന്വേഷണ സംഘത്തിനുള്ളതിനാൽ മുകളിൽ നിന്ന് അനുകൂല നിലപാടില്ലാതെ ‘റിസ്ക്ക് ‘ എടുക്കേണ്ടതില്ലന്ന നിലപാടിലാണ് പൊലീസ്.

സമ്പത്തിനെ കൈകാര്യം ചെയ്ത രീതി ശരിയല്ലന്ന് അഭിപ്രായപ്പെടുന്ന പൊലീസുദ്യോഗസ്ഥർ പോലും പൾസർ സുനി ഇപ്പോൾ കാണിക്കുന്ന നാടകത്തിൽ രോഷാകുലരാണ്.

പൊലീസ് കസ്റ്റഡിയിലിരുന്ന് പൊലീസിനെ തന്നെ കളിപ്പിക്കുന്ന രീതിയാണ് സുനി പിന്തുടരുന്നത്. ഏതോ കേന്ദ്രത്തിൽ നിന്ന് തയ്യാറാക്കിയ തിരക്കഥ പോലെയാണ് പെരുമാറ്റം.

തെളിവുകൾ അവശേഷിക്കുന്ന മൊബൈൽ ഫോൺ ആദ്യം ഓടയിൽ കളഞ്ഞുവെന്ന് പറഞ്ഞ പൾസർ സുനി പിന്നീട് ഗോശ്രീ പാലത്തിൽ നിന്ന് കായലിലേക്ക് വലിച്ചെറിഞ്ഞു എന്ന് തിരുത്തി. ഇതോടെ നട്ടുച്ചക്ക് പൊലീസ് കാവലിൽ നേവിയിലെ മുങ്ങൽ വിദഗ്ദർ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും ഫോൺ കണ്ടെടുക്കാനായില്ല.

തുടർന്ന് അമ്പലപ്പുഴയിലെ സുഹൃത്തിന്റെ വീട്ടിലാണെന്നും തൊടുപുഴ വാഗമൺ റോഡിലെ കാട്ടിൽ ഉപേക്ഷിച്ചെന്നും കള്ളം പറഞ്ഞ് അന്വേഷണ സംഘത്തെ വീണ്ടും പ്രതി പറ്റിച്ചു.

ഇപ്പോൾ പൊലീസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ, ടാബ്, മെമ്മറി കാർഡ് ,പെൻ ഡ്രൈവ് തുടങ്ങിയവയിൽ നിന്ന് ‘മറ്റു”ചില നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും നടിയെ ആക്രമിച്ച തെളിവുകളാണ് ഇനിയും കണ്ടെടുക്കാൻ കഴിയാതിരിക്കുന്നത്. ഇത് കേസിന്റെ വിചാരണ വേളയിൽ പ്രതികൾക്ക് സഹായകരമാവുമെന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം സുനിലിനെ കസ്റ്റഡിയിലെടുത്തപ്പോൾ തന്നെ പൊലീസ് ‘മുറ ‘ പാടില്ലന്ന നിർദ്ദേശം ഉന്നതന്റെ ഭാഗത്ത് നിന്നുണ്ടായതായും ആരോപണമുണ്ട്..തങ്ങളെ വട്ടംചുറ്റിച്ചതിന് പിടിയിലായ ഉടനെ പൾസറിന്റെ ‘പൾസ്’ അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ നോക്കിയതും ഈ ഉദ്യോഗസ്ഥന് ദഹിച്ചിട്ടില്ലത്രെ.

ഇങ്ങനെ പൾസറിനെ കൊണ്ട് നടന്നിട്ട് കാര്യമില്ലന്നും 10 മിനുട്ട് കൊണ്ട് പറയിപ്പിക്കാൻ പറ്റുന്ന കാര്യത്തിന് പ്രതി തന്നെ അന്വേഷണ സംഘത്തെ ‘കളിയാക്കുന്ന ‘ സാഹചര്യം അനുവദിക്കാൻ പറ്റില്ലന്നുമുള്ള അഭിപ്രായം സേന ക്കകത്തും ശക്തമായിരിക്കുകയാണിപ്പോൾ.

Top