കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ കേരളത്തിലെ സുഹൃത്തുക്കളെ കാണിച്ചതായി പൊലീസിന് വിവരം ലഭിച്ചു.
നേരത്തെ പള്‍സര്‍ സുനി ഒളിവില്‍ താമസിച്ച കോയമ്പത്തൂരിലെ സുഹൃത്തുക്കളെ നടിയുടെ ദൃശ്യങ്ങള്‍ കാണിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിനെയും മറ്റൊരാളെയും ദൃശ്യങ്ങള്‍ കാണിച്ചുവെന്നതാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് കോടതിയെ സമീപിക്കും.
സംഭവത്തിന് ശേഷം അമ്പലപ്പുഴയിലെ മനുവിന്റെ വീട്ടിലേക്ക് സുനി എത്തിയിരുന്നു. ഈ സമയത്ത് നടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുക്കളെ കാണിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
അതേസമയം, സുനി പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
പള്‍സര്‍ സുനി മൊബൈല്‍ ഉപേക്ഷിച്ചതു സംബന്ധിച്ച് വ്യത്യസ്ത മൊഴികളാണ് ഇതുവരെ നല്‍കിയത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ഓടയില്‍ എറിഞ്ഞെന്നും പിന്നീട് കായലില്‍ എറിഞ്ഞെന്നും സുനി മൊഴിമാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ്.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കേസില്‍ സുപ്രധാന തെളിവാണ്. മൊബൈലില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പോലീസിന് പ്രതികളില്‍ നിന്ന് മൊഴി ലഭിച്ചിട്ടുണ്ട്.