കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 11ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്റെ വിചാരണ നീട്ടിയത്.
ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുള്ള സാവകാശത്തിനായാണ് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയത്.
കേസിന്റെ വിചാരണ നടപടിക്ക് ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ദിലീപ് അവധിയപേക്ഷ നല്‍കിയിരുന്നു.
അതേസമയം, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 11 ന് വിധി പറയും.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് ഇന്നും കോടതിയില്‍ അപേക്ഷ നല്‍കി.