actress assault case

prison

കൊച്ചി: നടിയെ ആക്രമിച്ചത് ഒരു സ്ത്രീയുടെ ക്വട്ടേഷനാണെന്ന് അറസ്റ്റിലായ മണികണ്ഠന്റെ മൊഴി.

അക്രമത്തിനിടെ പള്‍സര്‍ സുനി ഇക്കാര്യം പലതവണ നടിയോട് പറഞ്ഞിരുന്നതായും മണികണ്ഠന്‍ പൊലീസിനോട് വെളിപ്പെടുത്തി. നടിയുടെ മൊഴിയിലും ഈ പരാമര്‍ശമുണ്ടെങ്കിലും പൊലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിട്ടില്ല.

സംഭവ ദിവസം നടിയുടെ വാഹനത്തില്‍ കയറിയതിന് പിന്നാലെ നടി പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞു. ഇക്കാര്യം മനസ്സിലാക്കിയതോടെയാണ് സംഭവം ക്വട്ടേഷനാണെന്ന് സുനി നടിയോട് വെളിപ്പെട്ടുത്തിയത്. ഒരു സ്ത്രീ പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും ഇതാരാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും സുനി നടിയോട് പറഞ്ഞതായി മണികണ്ഠന്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

നടി എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇക്കാര്യം ആവര്‍ത്തിച്ചതായും മണികണ്ഠന്റെ മൊഴിയിലുണ്ട്. എന്നാല്‍ ഈ സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പിന്നീട് സുനിയോട് ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ തയാറായില്ലെന്നും മണികണ്ഠന്‍ പൊലീസിനോട് പറഞ്ഞു.

ക്വട്ടേഷന്‍ സ്ത്രീയുടേതാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും വെളിപ്പെടുത്തിയിരുന്നു. പക്ഷേ അത് പള്‍സര്‍ സുനി മനപൂര്‍വ്വം തെറ്റായി പറഞ്ഞതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. പ്രമുഖ നടനെ സംശയിക്കുന്നതായി മൊഴിനല്‍കിയിട്ടില്ലെന്നാണ് നടി പറഞ്ഞത്. സിനിമ ഇല്ലാതാക്കാന്‍ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്നും അക്രമത്തിനിരയായ നടി തന്നോട് പറഞ്ഞെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇന്നലെ വീണ്ടും പള്‍സര്‍ സുനി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.

പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പാണ് സുനി ഒളിത്താവളത്തില്‍ നിന്ന് കടന്നുകളഞ്ഞത്. ഓപ്പറേഷന്‍ നടന്നത് അര്‍ദ്ധരാത്രിയിലായിരുന്നു. ഓപ്പറേഷന് നേതൃത്വം നല്‍കുന്നത് കൊച്ചിയിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. കോയമ്പത്തൂരിലും പാലക്കാടും കൂടുതല്‍ ടീമിനെ നിയോഗിച്ചു.

സുനി കേരളം വിടാന്‍ സാധ്യതയില്ലെന്നായിരുന്നു ചൊവ്വാഴ്ച അന്വേഷണസംഘം പറഞ്ഞത്. ബുധനാഴ്ച മുതല്‍ ഇയാള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഇയാളുടെ മൊബൈല്‍ നമ്പറുകളില്‍ ഒന്ന് കോയമ്പത്തൂരിനടുത്ത് പീളമേട്ടിലെ ടവര്‍ ലൊക്കേഷനില്‍ പ്രവര്‍ത്തിച്ചെന്ന സൂചനയത്തെുടര്‍ന്നാണിത്. അതേസമയം, സംഭവം നടന്ന് ഒരാഴ്ചയാകാറായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ സര്‍ക്കാര്‍ കടുത്ത അതൃപ്തിയിലാണ്

Top