കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുടെ ഭാഗമായി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് കേസ് പരിഗണിക്കും. ദിലീപ് ഇന്നും കോടതിയിൽ ഹാജരാകില്ല. കേസിലെ മുഴുവൻ രേഖകളും നൽകണമെന്ന ദിലീപിന്റെ ഹർജിയും മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയുൾപ്പടെയുള്ള ഹർജികളുമാണ് കോടതി പരിഗണിക്കുക.
പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള പ്രോസിക്യൂഷന്‍റെ പ്രാരംഭ വാദം നേരത്തെ പുർത്തിയായിരുന്നു. ഇന്ന് പ്രതിഭാഗം വാദം തുടങ്ങും. തുടര്‍ച്ചയായ മൂന്നാം തവണ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍കുമാറിന്‍റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തളളിയിരുന്നു. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തതെന്നും ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്‍ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ആറുമാസത്തിനുളളിൽ വിസ്താരം പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കേസിൽ 12 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ രണ്ട് അഭിഭാഷകരെ ഹൈക്കോടതി പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ശേഷിക്കുന്ന പത്ത് പ്രതികളിൽ ദിലീപുൾപ്പെടെ 5 പേർ ഇപ്പോൾ ജാമ്യത്തിലാണ്.