actress assault issue- media violated D G P proposal

കൊച്ചി: ഇരയുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി തന്നെ ആവശ്യപ്പെട്ടിട്ടും പ്രമുഖ സിനിമാ മാഗസിൻ അത് ലംഘിച്ചതിനെതിരെ പൊലീസ് എന്തു നടപടി സ്വീകരിക്കുമെന്ന് ഉറ്റുനോക്കി മാധ്യമ ലോകം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാഗസിനിൽ കവർ ഫോട്ടോ തന്നെ ഇരയുടേതായിരുന്നു. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രമുഖ നടനെതിരെ ഗുരുതര ആരോപണമാണ് മാഗസിനിലെഴുതിയ ലേഖനത്തിൽ പ്രമുഖ സിനിമാ മാധ്യമ പ്രവർത്തകൻ ആരോപിച്ചിരിക്കുന്നത്.

തനിക്കെതിരെ കള്ള പ്രചരണം നടക്കുന്നതായി ചൂണ്ടി കാട്ടിയും നടപടി ആവശ്യപ്പെട്ടും നടൻ തന്നെ ഡി ജി പിക്ക് പരാതി നൽകിയിരിക്കെ വന്ന വാർത്ത സംബന്ധമായി നടൻ നിയമ നടപടി സ്വീകരിക്കുമെന്നാണ് അറിയുന്നത്.

വെളിപ്പെടുത്തൽ സംബന്ധമായി മാധ്യമ പ്രവർത്തകനിൽ നിന്നും അന്വേഷണ സംഘം മൊഴി എടുക്കുമെന്നും സൂചനയുണ്ട്.

സിനിമാരംഗത്തെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകന്റേതാണ് ലേഖനമെന്നതിനാൽ പ്രസിദ്ധീകരിച്ച വാർത്തയിൽ നിന്ന് മാഗസിൻ പിന്നോട്ട് പോവാന്‍ സാധ്യത കുറവാണ്.

മാഗസിൻ അച്ചടിച്ച് ചൂടപ്പം പോലെ വിറ്റുപോയതിനാൽ ഇനി നിലപാട് മാറ്റുകയാണെങ്കിൽ വീണ്ടും മാഗസിൻ അച്ചടിച്ച് ഇറക്കിയിട്ട് പോലും കാര്യമില്ലന്നതാണ് യാഥാർത്ഥ്യം.

ഇരയുടെ പേരും ഫോട്ടോയും വെളിപ്പെടുത്തിയത് സംബന്ധമായി പൊലീസ് ഇടപെട്ട് ക്ഷമാപണം പറയാൻ ആവശ്യപ്പെട്ടാൽ മാഗസിൻ അധികൃതരും മാധ്യമ പ്രവർത്തകനും അതിന് തയ്യാറാകുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്.

അതേ സമയം നടനെ മന:പൂർവ്വം അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ലേഖനമെന്നും നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യത്തിൽ ബന്ധപ്പെട്ടവർ ഉറച്ചു നിൽക്കുകയാണ്.

അന്വേഷണ സംഘം പോലും എത്താത്ത നിഗമനത്തിൽ മാധ്യമങ്ങൾ എത്തുന്നതും അത് പ്രചരിപ്പിക്കുന്നതും ബോധപൂർവ്വമാണെന്നാണ് ഈ വിഭാഗത്തിന്റെ ആരോപണം.

Top