actress assault; Sudheeran wanted the truth to come out for a CBI probe

vm sudheeran

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തില്‍ സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകള്‍ ബന്ധിക്കുന്നതിന് ഇടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുവരാന്‍ ആകെയുള്ള പോംവഴി സിബിഐ അന്വേഷിക്കുക എന്നതുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

കേസ് ഒതുക്കി തീര്‍ക്കുന്നതിന് ഉന്നതതല ശ്രമം നടക്കുകയാണ്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇതിനുദാഹരണമാണ്. ശക്തമായ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന തിരുത്തിയത്. മുഖ്യമന്ത്രിയുടെ വാക്ക് ജനം വിശ്വസിക്കില്ലെന്നും വിഎം സുധീരന്‍ പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്നും, സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാന പ്രതിക്കാണെന്നും അയാളുടെ മനസില്‍ ഉയര്‍ന്നുവന്ന സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നുമായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

ഇത് വിവാദമായതിനെത്തുടര്‍ന്ന് താന്‍ സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി ഇന്ന് രംഗത്തെത്തിയിരുന്നു.

Top