ഹൈദരാബാദ്: കൊച്ചിയിലേതിന് സമാനമായി തെലുങ്കിലും യുവനടിക്ക് നേരെ പീഢനം
ഓടുന്ന കാറിൽ വച്ച് തന്നെ പ്രമുഖ സംവിധായകനും യുവ നടനും പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് യുവനടിയുടെ പരാതി.
തെലുഗു സംവിധായകന്‍ ചലപതിക്കും നടന്‍ സൃജനുമെതിരെയാണ് പുതുമുഖ നടി രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ 13-നാണു സംഭവം നടന്നതെന്നാണ് നടി സമര്‍പ്പിച്ച പരാതിയില്‍ പറയുന്നത്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകനും നടനും സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലമാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഭീമാവാരത്തേക്കു കൂട്ടികൊണ്ടുപോയെന്നും, യാത്രക്കിടയില്‍ കാറില്‍ വച്ച് രണ്ടുപേരും തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
‘ഓഗസ്റ്റ് 13 നു ഭീമാവാരത്തില്‍ എത്താനാണ് നിര്‍ദേശിച്ചിരുന്നത്. ഹൈദരാബാദില്‍ നിന്നും ട്രെയിന്‍ മാര്‍ഗം അങ്ങോട്ട് പോകാന്‍ തീരുമാനിച്ചിരുന്നതുമായിരുന്നു. എന്നാല്‍ സംവിധായകനും നടനും കാറില്‍ അവര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ നിര്‍ബന്ധിച്ചു. വിജയവാഡ എത്തിയതോടെ അവര്‍ മോശമായി പെരുമാറാന്‍ ആരംഭിച്ചു. എതിര്‍ത്ത എന്നെ പുറകിലെ സീറ്റിലേക്ക് തള്ളിയിട്ട ശേഷം ആക്രമിച്ചു. ചലപതിയാണ് കാര്‍ ഓടിച്ചിരുന്നത്. അമിതവേഗതയിലായിരുന്ന വണ്ടി ഒരു ലോറിയുമായി കൂട്ടിയിടിച്ചു. സാരമായി പരിക്ക് പറ്റിയ എന്നെ ഞാന്‍ ഷെയര്‍ ചെയ്ത ലൊക്കേഷന്‍ വച്ച് ട്രേസ് ചെയ്ത ചില സുഹൃത്തുക്കള്‍ എത്തിയാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. നടി പരാതിയില്‍ പറയുന്നു.
സംവിധായകനും നടനും തങ്ങള്‍ ചെയ്തത് തെറ്റാണെന്നു സമ്മതിക്കുകയും എന്നോട് മാപ്പു പറയുകയും ചെയ്തു. അതോടൊപ്പം തന്നെ ഈ വിവരം പുറത്തറിയിച്ചാല്‍ എന്റെ ഭാവി തകര്‍ത്തു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസിനെയോ പത്രമാധ്യമങ്ങളെയോ ഈ വിഷയത്തില്‍ ഞാന്‍ സമീപിച്ചാല്‍ എന്റെ സിനിമ ജീവിതം ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു.
എനിക്ക് വേണ്ടത് നീതിയാണ്, അവര്‍ക്കു തക്ക ശിക്ഷ കിട്ടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.’- പരാതി സമര്‍പ്പിച്ച ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നടിയുടെ പരാതിയിന്മേല്‍ പോലീസ് ചലപതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ ഒളിവില്‍ പോയ സൃജനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.