കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം വിചാരണക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആറു മാസത്തെ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ഒരു മാസം അനുവദിച്ചത്. എന്നാല്‍ ഇതും ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപ് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.