കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ കോടതിയിൽ ഹാജരായില്ല. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശൻ പറഞ്ഞു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. നടിയെ ആക്രമിച്ച കേസ് 26ന് പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചത്. വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു.
കോടതിമാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സർക്കാർ.