ദിലീപ് വിഷയം കോടതി തീരുമാനിക്കട്ടെ, അതിനു മുൻപ് വിചാരണ വേണ്ടന്ന് സിദ്ദിഖ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണ്, അതിനു മുന്‍പുള്ള വിചാരണകള്‍ ഒഴിവാക്കണം. അന്വേഷണം ഇപ്പോള്‍ ശരിയായ വഴിയിലാണെന്നും നടന്‍ സിദ്ദീഖ്. നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളാണു പൗരനെന്ന പേരില്‍ തന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.

തന്നെ ഉത്തരം പറയാന്‍ പോലും സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നതു മാധ്യമങ്ങളാണെന്നും സിദ്ദീഖ് പറഞ്ഞു. ഒരു ചാനല്‍ അവതാരകന്‍ തന്നെ നരാധമന്‍ എന്നാണു വിളിച്ചത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടനൊപ്പം നിന്നതിനാണ് അത്. സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പള്‍സര്‍ സുനിയാണ്. പിന്നീട്, ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ കോടതി തീരുമാനം പറയട്ടെയെന്നും സിദ്ദിഖ് പറഞ്ഞു

സിനിമാമേഖലയില്‍ നിന്നുള്ള കാര്യങ്ങള്‍ മുഴപ്പിച്ചു കാണിക്കാന്‍ പൊലീസിന്റെയും മാധ്യമങ്ങളുടെയും ഭാഗത്തുനിന്നു ശ്രമമുണ്ടാകാറുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയുളള 485 പേരില്‍ മൂന്നു പേരാണു നികുതിവെട്ടിക്കലില്‍ ഉള്‍പ്പെട്ടത്. അതൊരു കുറഞ്ഞ ശതമാനമാണ്. അതില്‍ത്തന്നെ ഒരാള്‍ മുഴുവന്‍ പിഴയും അടച്ചു. ബാക്കി എത്രയോ പേര്‍ നികുതി വെട്ടിക്കുന്നു. അതൊന്നും ഇത്രയേറെ ആഘോഷിക്കപ്പെടാറില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

Top