കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും അതിനാൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ആണ് കോടതിയെ സമീപിച്ചിട്ടുള്ളത്.
ആരോപണങ്ങളിൽ തെളിവ് ഹാജരാക്കാൻ കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം തെളിവുകൾ കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈയിലുണ്ടെന്നും, മെമ്മറി കാർഡോ അതിന്റെ പകർപ്പോ ദിലീപിന്റെ കൈവശമുള്ളതായും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.
ഇതുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകൾ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ചില ശബ്ദശകലങ്ങളും ( വോയ്‌സ് ക്ലിപ്പ്) ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ദൃശ്യങ്ങളുടെ ശബ്ദസാംപിളുകൾ അനൂപിന്റെ ഫോണിലെ സാംപിളുകളുമായി പൊരുത്തപ്പെടുന്നതാണെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.