കൊച്ചി: പ്രമുഖ നടിക്കെതിരായ ആക്രമണം ഒരു മാസം മുന്‍പ് പ്ലാന്‍ ചെയ്തത്. കാറില്‍ അതിക്രമിച്ചു കയറി നടിയെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ചുപേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഡ്രൈവര്‍ മാര്‍ട്ടിനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ശാരീരികമായി നടിയെ ഉപദ്രവിച്ചത് സുനില്‍ എന്ന മുന്‍ ഡ്രൈവറാണെന്ന് നടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഉദ്ദേശം.
ഗോവയില്‍ ഷൂട്ടിംങ്ങ് സമയത്ത് യൂണിറ്റിന്റെ വാഹനം ഓടിച്ചിരുന്ന സുനിലാണ് മാര്‍ട്ടിന്‍ എന്ന ഡ്രൈവറെ നടിക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഒറ്റക്ക് നടിയുമായി പോകുന്ന സന്ദര്‍ഭം ഉണ്ടെങ്കില്‍ പറയണമെന്ന് ഇയാള്‍ മാര്‍ട്ടിനോട് മുന്‍പ് തന്നെ പറഞ്ഞിരുന്നു.
ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാമെന്നും ഒരു വിഹിതം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം. ഇതു പ്രകാരം തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്ര മുന്‍കൂട്ടി തന്നെ മാര്‍ട്ടിന്‍ സുനിലിനെ അറിയിച്ചു. തുടര്‍ന്ന് കൊരട്ടി മുതല്‍ വാഹനത്തെ പിന്തുടര്‍ന്നു. ഒത്ത സ്ഥലം ലഭിക്കുന്നതിനായി പതുക്കെയാണ് മാര്‍ട്ടിന്‍ വാഹനം ഓടിച്ചിരുന്നത്. പിന്നീട് ഒഴിഞ്ഞ സ്ഥലത്ത് വച്ച് നടി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്ന് വന്ന വാഹനം കൊണ്ട് ചെറിയ പോറലുണ്ടാക്കിച്ചു. തുടര്‍ന്ന് മാര്‍ട്ടിന്‍ വാഹനം നിര്‍ത്തുകയും പിന്നാലെ വന്ന വാഹനത്തിലുള്ളവരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതായി അഭിനയിക്കുകയുമായിരുന്നു.
ഈ സമയം സിനിമാ സ്‌റ്റൈലില്‍ വാഹനത്തില്‍ കയറിയ അക്രമികള്‍ നടി ഇരുന്ന സീറ്റിന്റെ രണ്ട് വശത്തായി കയറി ഇരിക്കുകയും മാര്‍ട്ടിനോട് വാഹനം വിടാന്‍ ആജ്ഞാപിക്കുകയുമായിരുന്നു.
നാടകമാണെന്ന് തോന്നാത്ത രൂപത്തില്‍ നിര്‍ബന്ധിക്കപ്പെട്ട ഭാവം മുഖത്ത് വരുത്തി മാര്‍ട്ടിന്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. വഴിയില്‍ വച്ചാണ് സുനില്‍ കാറില്‍ കയറിയത്. ഇതിനു ശേഷമായിരുന്നു അക്രമം. ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
അക്രമികള്‍ കടന്ന് കളഞ്ഞ ശേഷം സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി നടി വിവരം പറഞ്ഞതോടെ അദ്ദേഹം ഉടന്‍ തന്നെ റേഞ്ച് ഐജി വിജയന്റെ ശ്രദ്ധയില്‍ വിവരം പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഡെപൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്യത്തിലുള്ള പൊലീസ് സംഘം സമര്‍ത്ഥമായി മാര്‍ട്ടിനെ കുരുക്കി. ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
(നടിയുടെ ഫോട്ടോയും പേരും ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമായ കാര്യമായതിനാല്‍ ഇക്കാര്യം വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്)