കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പ്രധാന പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ പിടിയിലായി. പാലക്കാട് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് വിജീഷ്, പള്‍സര്‍ സുനി എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
നേരത്തെ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായ രണ്ട് പേരെ കോടതി റിമാന്റ് ചെയ്തു. അതേസമയം പള്‍സര്‍ സുനി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റിലായ മാര്‍ട്ടിന്റെ ജാമ്യപേക്ഷയും വിവിധ കോടതികള്‍ ഇന്ന് പരിഗണിക്കും.
ആദ്യം പിടിയിലായ മൂന്ന് പേരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രധാന പ്രതികളില്‍ ഒരാളായ മണികണ്ഠനെ പോലീസ് പിടികൂടുന്നത്. ആലുവ റൂറല്‍ എസ്പിയുടെ സംഘം ഇന്നലെ രാത്രിയില്‍ പാലക്കാട്ടെ ഒളിത്താവളത്തില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു.
ഇതോടെ സംഭവത്തെ കുറിച്ച് വ്യക്തമായ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പിടിയിലായ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലീ, പ്രദീപ് എന്നിവര്‍ നല്‍കിയ മൊഴിയില്‍ പള്‍സര്‍ സുനിയും മണികണ്ഠനും വിജേഷുമാണ് കൃത്യം നടത്തിയതെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ മണികണ്ഠന്റെ അറസ്റ്റോടെ കൂടുതല്‍ വ്യക്തത വരും.
അതേസമയം പ്രധാന പ്രതിയും സൂത്രധാരനുമായ പള്‍സര്‍ സുനിക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് രണ്ട് സംഘം തമിഴ്‌നാട്ടിലും തമ്പടിച്ചിട്ടുണ്ട്. പള്‍സര്‍ സുനി അടക്കമുള്ളവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.