actress-attacked-police followup

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം.

സംഭവ ശേഷം പ്രതികള്‍ രണ്ടു സംഘങ്ങള്‍ ആയാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. ഇനി പിടികൂടാന്‍ ഉള്ള പള്‍സര്‍ സുനിയും, വിജീഷും മണികണ്ഠനും ഉള്‍പ്പെട്ട സംഘത്തിനായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. മൂവര്‍ സംഘം കൃത്യത്തിന് ശേഷം ആലപ്പുഴ കാക്കാഴത്ത് എത്തി സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

സംഭവ ശേഷം പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച വാഹനങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

പ്രതികള്‍ കേരളം വിട്ടിയിട്ടില്ലെന്ന നിഗമനത്തില്‍ പ്രതികള്‍ പോകാന്‍ ഇടയുള്ള സ്ഥലങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അറസ്റ്റിലായ വടിവാള്‍ സലീമിനെയും, പ്രദീപിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. അന്വേഷണ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയാണ്.

കേസിലെ പ്രതികള്‍ കേരളത്തില്‍ തന്നെയുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. നടിക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ പൊലീസ് ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കി.

പൊലീസ് സ്റ്റേഷന്‍ പരിധികളിലെ സാമൂഹ്യവിരുദ്ധരുടെ പട്ടിക തയ്യാറാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ള 76 പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അഞ്ചിലധികം കേസില്‍ ഉള്‍പ്പെട്ടവരെ മുന്‍കരുതലെന്ന നിലയില്‍ അറസ്റ്റ് ചെയ്യും.

സംഭവത്തില്‍ മൂന്നുപേര്‍ മുമ്പ് പിടിയിലായിരുന്നു. ഇനിയും പിടികിട്ടാനുള്ള മൂന്ന് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

മുഖ്യപ്രതിയായ പെരുമ്പാവൂര്‍ കോടനാട് സ്വദേശി സുനില്‍കുമാറെന്ന പള്‍സര്‍ സുനി, മണികണ്ഠന്‍, വിജീഷ് എന്നിവര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരെയാണ് ആലുവ എസ്.പി. എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കോയമ്പത്തൂരില്‍നിന്നാണ് പിടികൂടിയത്.

Top