കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തൃശൂരില്‍ മൂന്നിടങ്ങളിലായി പൊലീസ് തെളിവെടുപ്പിന് ഹാജരാക്കി. അതിനുശേഷം കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി ആലുവ പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടു പോയി.
ബി.എം.ഡബ്ല്യൂ കാറില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിയ്ക്ക് 10000 രൂപ കൈമാറിയെന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് ജോയ്‌സ് പാലസില്‍ ദിലീപിനെ ആദ്യ തെളിവെടുപ്പിനായി എത്തിച്ചത്.
അതിനുശേഷം ഹോട്ടല്‍ ഗരുഡയിലാണ് ഹാജരാക്കിയത്. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണ വേളയില്‍ 14 ദിവസം ദിലീപ് ഇവിടെയാണ് താമസിച്ചത്. ഗരുഡയില്‍ വച്ച് ദിലീപ് മൂന്നു തവണകളിലായി പള്‍സര്‍ സുനിയുമായി കണ്ടുമുട്ടി എന്ന് പൊലീസ് പറയുന്നു.
മൂന്നാമതായി ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനായിരുന്ന കിണറ്റിങ്കല്‍ ടെന്നീസ് ക്ലബ്ബിലേക്ക് കൊണ്ടു പോയി. എ.ഐ.വൈ.എഫ് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് തെളിവെടുപ്പിന് ഹാജരാക്കുന്നത് വൈകി.
ഇവിടെ വച്ചാണ് ഇരുവരുടേയും ടവര്‍ ലൊക്കേഷന്‍ ഒരേ പരിധിയില്‍ വന്നതും ജീവനക്കാരുമൊത്തുള്ള ദിലീപിന്റെ സെല്‍ഫിയില്‍ പള്‍സര്‍ സുനിയുടെ ചിത്രം പതിഞ്ഞതും. അന്വേഷണത്തിലെ പ്രധാന വഴിത്തിരിവുകളായിരുന്നു ഈ തെളിവുകള്‍.
12.30.ഓടെ ടെന്നീസ് ക്ലബ്ബിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി കൂടുതല്‍ ചോദ്യം ചെയ്യലിനായി ദിലീപിനെയും കൊണ്ട് ആലുവ പൊലീസ് ക്ലബ്ബിലേക്ക് അന്വേഷണ സംഘം തിരിച്ചു.