Actress Divya Unni’s divorce reasons

കൊച്ചി: നടി ദിവ്യ ഉണ്ണിയുടെ വിവാഹ മോചനത്തിന് പ്രേരകയായത് മഞ്ജു വാര്യര്‍ ?

പതിനാല് വര്‍ഷത്തോളം നല്ല രൂപത്തില്‍ കുടുംബ ജീവിതം നയിക്കുകയും ബിജു മേനോന്‍-സംയുക്ത ദമ്പതികളെ പോലെ മാതൃക കാട്ടുകയും ചെയ്ത ദിവ്യ ഉണ്ണിക്ക് മഞ്ജു വാര്യര്‍ സിനിമാ രംഗത്ത് ശക്തമായി തിരിച്ച് വരവ് നടത്തിയതാണ് മനം മാറ്റത്തിന് കാരണമായതത്രെ.

ദിവ്യയുടെയും ഭര്‍ത്താവ് ഡോ. സുധീറിന്റെയും അടുത്ത സുഹൃത്തുക്കളില്‍ നിന്നുമാണ് ഇക്കാര്യം പുറത്തായത്.

അഭിനയത്തോട് ഏറെ കാലം വിട പറഞ്ഞ് ദിലീപിനൊപ്പം സ്വസ്ഥമായ ജീവിതം നയിച്ച് പോന്ന നര്‍ത്തകി കൂടിയായ മഞ്ജു വാര്യര്‍ക്ക് തിരിച്ച് അഭിനയ രംഗത്തേക്ക് വരുന്നതിനായി സ്വന്തം കുടുംബ ജീവിതമാണ് ‘ബലി’ കൊടുക്കേണ്ടി വന്നിരുന്നത്.

ദിലീപുമായി വേര്‍പിരിഞ്ഞെങ്കിലും വിവാഹിതയായിരുന്നു എന്നതും ഒരു കുഞ്ഞിന്റെ അമ്മയാണ് എന്നതൊന്നും മഞ്ജു വാര്യരുടെ ‘മാര്‍ക്കറ്റിനെ’ ബാധിച്ചിരുന്നില്ല. രണ്ടാം അരങ്ങേറ്റ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു സൂപ്പര്‍ ഹിറ്റായിരുന്നു. ഒടുവില്‍ പുറത്തിറങ്ങിയ കരിങ്കുന്നം സിക്‌സസില്‍ 60 ലക്ഷം രൂപയാണ് മഞ്ജു വാര്യര്‍ പ്രതിഫലം വാങ്ങിയത്. മലയാളത്തിലെ ഒരു നടിക്കും (നയന്‍താര ഒഴികെ) ലഭിക്കാത്ത പ്രതിഫലമാണിത്.

മഞ്ജു വാര്യരോട് താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും ദിവ്യ ഉണ്ണിയും സിനിമയില്‍ കത്തി നില്‍ക്കുന്ന അവസരത്തിലാണ് വിവാഹിതയായത്.

സൂപ്പര്‍ ഹിറ്റ് ചിത്രമായ കല്യാണ സൗഗന്ധികത്തിലൂടെ നായികയായി അരങ്ങേറിയ ദിവ്യ ഉണ്ണി മോഹന്‍ലാലിനൊപ്പം വര്‍ണ്ണ പകിട്ട്, ഉസ്താദ് തുടങ്ങിയ ചിത്രങ്ങളിലും ഭരതന്റെ ചുരം, പ്രണയവര്‍ണ്ണങ്ങള്‍.ഫ്രണ്ട്‌സ്, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ്.

മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി അറുപതിലേറെ ചിത്രങ്ങളിലാണ് അവര്‍ ഇതിനകം അഭിനയിച്ച് കഴിഞ്ഞത്. 2013ല്‍ അവസാനമായി മുസാഫിര്‍ എന്ന ചിത്രത്തില്‍ അതിഥി താരമായെത്തി അഭിനയത്തോടുള്ള തന്റെ താല്‍പര്യം ദിവ്യ ഉണ്ണി പ്രകടിപ്പിച്ചിരുന്നു.

അടുത്ത ബന്ധു കൂടിയായ ഡോ.സുധീറുമായുള്ള വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് അമേരിക്കയില്‍ താമസമാക്കിയ ദിവ്യ ഉണ്ണിക്ക് അര്‍ജുന്‍, മീനാക്ഷി എന്നീ രണ്ട് കുട്ടികളാണ് ഉള്ളത്.

കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മഞ്ജുവിന്റെ രണ്ടാം അരങ്ങേറ്റം പ്രചോദനമായപ്പോള്‍ തന്നെ ദിവ്യ ഉണ്ണിയുടെ കുടുംബത്തില്‍ ഭിന്നത ഉടലെടുക്കുകയായിരുന്നുവത്രെ.

വീട്ടിലിരുന്ന് കുട്ടികളെ മാത്രം നോക്കിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ് സുധീര്‍.

നൃത്താധ്യാപിക കൂടിയായ ദിവ്യ ഈ രംഗത്തും തുടര്‍ന്ന് സിനിമയിലും അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെ നിലവില്‍ അമേരിക്കയില്‍ ദിവ്യ തുടങ്ങിയ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അടച്ച് പൂട്ടാനും സുധീര്‍ നിര്‍ദ്ദേശിച്ചു.

ഇതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. വിവാഹ മോചനത്തിന് ശേഷം അഭിനയ രംഗത്തും നൃത്ത രംഗത്തും സജീവമാകാനാണ് ദിവ്യയുടെ നീക്കം.

അഭിനയ രംഗത്തോടുള്ള ആസക്തി മൂലം പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ വിജയ് യുമായുള്ള ബന്ധം വേര്‍പെടുത്തിയ അമല പോളിന്റെ നടപടിക്ക് തൊട്ട് പിന്നാലെയായിരുന്നു വിവാഹ മോചനം സംബന്ധിച്ച ദിവ്യ ഉണ്ണിയുടെ വെളിപ്പെടുത്തലും വന്നിരുന്നതെന്നതും ശ്രദ്ധേയമാണ്.

Top