നടി പാര്‍വതിക്കും ഗീതു മോഹന്‍ദാസിനും തിരിച്ചടി, ബഹിഷ്‌ക്കരിക്കാന്‍ സിനിമാലോകം

കൊച്ചി: നടന്‍ മമ്മുട്ടിയെ അധിക്ഷേപിക്കുന്ന രൂപത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ സംസാരിച്ച നടി പാര്‍വതിയെയും അതിന് പ്രേരണ നല്‍കിയ ഗീതു മോഹന്‍ദാസിനെയും മലയാള സിനിമാ മേഖലയിലെ വലിയൊരു വിഭാഗം ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു.

കസബയിലെ മമ്മുട്ടിയുടെ കഥാപാത്രത്തെ സിനിമാ പ്രവര്‍ത്തകയായ പാര്‍വതി വിമര്‍ശിച്ചത് പ്രത്യേക ‘അജണ്ട’ മുന്‍ നിര്‍ത്തിയാണെന്നും പാര്‍വതിയും ഗീതു മോഹന്‍ദാസുമെല്ലാം ഉള്‍പ്പെടുന്ന വുമണ്‍ കളക്ടീവ് ഇന്‍ സിനിമ സംഘടനയുമായി താര സംഘടനയായ ‘അമ്മ’ സഹകരിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

നിലവില്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിയാണ് മമ്മുട്ടി.

വുമണ്‍ കളക്ടിവ് ഇന്‍ സിനിമ സംഘടനക്ക് എതിരല്ലെന്ന് അമ്മ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന വനിതാ സിനിമാ പ്രവര്‍ത്തകര്‍ മാത്രമാണ് ആ സംഘടനയോട് നിലവില്‍ സഹകരിക്കുന്നത്.

‘അമ്മയെ’ പേടിച്ചിട്ടാണ് മറ്റുള്ളവര്‍ സഹകരിക്കാത്തതെന്നാണ് വുമണ്‍ കളക്ടീവ് ഇന്‍ സിനിമ സംഘടനയിലെ തലപ്പത്തെ ആക്ഷേപം.

മലയാള സിനിമയില്‍ വല്ലാതെ ഇനി പാര്‍വതിയെ പോത്സാഹിപ്പിക്കേണ്ടതില്ലെന്നതാണ് നിര്‍മ്മാതാക്കളും സംവിധായകരും താരങ്ങളും ഉള്‍പ്പെടുന്ന വലിയ വിഭാഗത്തിന്റെ തീരുമാനമത്രെ.

ഗീതു മോഹന്‍ദാസ് – രാജീവ് രവി കൂട്ട് കെട്ട് ഒരുക്കുവാന്‍ പോവുന്ന കമ്മട്ടിപ്പാടം – 2 വിനോട് ദുല്‍ഖര്‍ സല്‍മാനും സഹകരിക്കില്ലെന്നാണ് സൂചന.

മമ്മൂട്ടിയെ സ്ത്രീവിരുദ്ധനായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമമുണ്ടായതായാണ് പ്രതിഷേധക്കാരുടെ ആരോപണം.

യുവ നടനെ നായകനാക്കി കൊച്ചിയിലെ പ്രമുഖ നിര്‍മ്മാതാവ് നിര്‍മ്മിക്കാനിരുന്ന സിനിമയിലെ നായികയായി പരിഗണിച്ചിരുന്ന പാര്‍വതിയെ മാറ്റിയതായും വാര്‍ത്തകളുണ്ട്.

സ്ത്രീപക്ഷമെന്നോ പുരുഷ പക്ഷമെന്നോ ഒരു സിനിമ ഇല്ലെന്നും സിനിമയെ സിനിമയായി കാണണമെന്നുമാണ് സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരമൊരു നിലപാട് മനസ്സില്‍ വയ്ക്കുന്നവര്‍ക്ക് എങ്ങനെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്നാണ് ഇവരുടെ ചോദ്യം.

സിനിമാ സംഘടനകളുടെ അടുത്ത് ചേരുന്ന യോഗങ്ങളിലും ‘പാര്‍വതീ വിമര്‍ശനം’ ചൂടുള്ള ചര്‍ച്ചക്ക് വഴിമരുന്നിടും.

Top