മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസ്, പള്‍സര്‍ സുനിയുടെ മൂന്ന് സഹായികള്‍ കസ്റ്റഡിയില്‍

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടിയെ 2011-ല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹായികളായ മൂന്ന് പേരെ പൊലീസ് പിടികൂടി.

കോതമംഗലം സ്വദേശി എബിന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഈ കേസില്‍ പള്‍സര്‍ സുനിയെ കൊച്ചി സിറ്റി പൊലീസ് ജയിലിലെത്തി ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. എറണാകുളം സെന്‍ട്രല്‍ സി.ഐ അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘം കാക്കനാട് ജില്ലാ ജയിലിലെത്തിയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. നടിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തി അന്വേഷണസംഘം മൊഴിയെടുത്തു. നിര്‍മ്മാതാവ് ജോണി സാഗരികയെ കഴിഞ്ഞദിവസം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് നടിയുടെ മൊഴിയും രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

2011-ല്‍ ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് ‘ എന്ന സിനിമയില്‍ അഭിനയിക്കാനാണ് നടി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ഈ സമയം സുനി, ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോണി സാഗരികയുടെ ഡ്രൈവറായിരുന്നു. കുമ്പളത്തുള്ള റമദാ റിസോര്‍ട്ടില്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും ഷൂട്ടിംഗിന് എത്തണമെന്നും ജോണി അറിയാതെ മറ്റൊരാളെക്കൊണ്ട് നടിയെ അറിയിച്ചു. ഇതനുസരിച്ചാണ് നടി കൊച്ചിയിലെത്തിയത്. യാത്രാവേളയില്‍ സംശയം തോന്നിയ നടി പ്രമുഖ നിര്‍മ്മാതാവായ ഭര്‍ത്താവിനെ വിളിച്ചു. ഇയാള്‍ ജോണി സാഗരികയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ പാളിയത്.

തുടര്‍ന്ന് റമദാ ഹോട്ടലിന് മുമ്പില്‍ നടിയെ ഇറക്കിവിട്ട് സുനി രക്ഷപ്പെട്ടു. പിന്നീട് ഇവരെ ബി.ടി.എച്ച് ഹോട്ടലിലേക്ക് മാറ്റി. ഈ നടിക്കൊപ്പം മറ്റൊരു യുവനടി എത്തുമെന്നാണ് സുനി കരുതിയിരുന്നത്. എന്നാല്‍ അവര്‍ ഒഴിവായ വിവരം അറിഞ്ഞിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഈ നടിയെ തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയിട്ടത്. അന്ന് മുന്‍നിര നടി കൊച്ചി സിറ്റി പൊലീസിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തട്ടിക്കൊണ്ടുപോകലിനുള്ള ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Top