‘കാക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവന്‍ ഷാര്‍ജയില്‍ അന്തരിച്ചു

കൊച്ചി: ‘കാക്ക’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ലക്ഷ്മിക സജീവന്‍ എന്ന രേഷ്മ ഷാര്‍ജയില്‍ അന്തരിച്ചു. ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റെയും ലിമിറ്റയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

2021 ഏപ്രിലില്‍ ആണ് ‘കാക്ക’ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പഞ്ചമി എന്ന നായിക വേഷം ആയിരുന്നു ലക്ഷ്മിക അവതരിപ്പിച്ചത്. കറുപ്പിനാല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകള്‍ ഏറെ നേടിയിരുന്നു. കറുത്ത നിറമുള്ള, പല്ല് ഉന്തിയ ഒരു പെണ്‍കുട്ടിയായി ലക്ഷ്മിക ജീവിക്കുകയായിരുന്നു. തന്റെ രൂപം കാരണം വീട്ടുകാരില്‍ നിന്നുപോലും പഴികേള്‍ക്കേണ്ടിവന്ന, മാറ്റിനിര്‍ത്തപ്പെട്ട പഞ്ചമി, പിന്നീട് അവയെ എല്ലാം പോസിറ്റീവ് ആയി എടുത്ത് സധൈര്യം മുന്നേറുന്ന കഥയായിരുന്നു കാക്ക പറഞ്ഞത്.

ശേഷം മലയാള സിനിമയിലും ലക്ഷ്മിക തന്റെ സാന്നിധ്യം അറിയിച്ചു. യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക, ചെറിയ വേഷങ്ങള്‍ ചെയ്ത് കയ്യടി നേടിയിരുന്നു.

Top